'എനിയ്ക്ക് ടിവി വേണം, ഗുസ്തി മത്സരങ്ങളെക്കുറിച്ച് അറിയാനാണ്'- ജയിൽ അധികൃതർക്ക് കത്തെഴുതി സുശീൽ കുമാർ

'എനിയ്ക്ക് ടിവി വേണം, ഗുസ്തി മത്സരങ്ങളെക്കുറിച്ച് അറിയാനാണ്'- ജയിൽ അധികൃതർക്ക് കത്തെഴുതി സുശീൽ കുമാർ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ജയിലിൽ തനിക്ക് ടിവി അനുവദിച്ച് തരണമെന്ന ആവശ്യവുമായി ഒളിമ്പ്യൻ സുശീൽ കുമാർ. യുവ ​ഗുസ്തി താരത്തിന്റെ മരണത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുശീൽ ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെ കുറിച്ച് അറിയാനാണ് ടിവി ആവശ്യപ്പെട്ടത്. തിഹാർ ജയിൽ അധികൃതർക്ക് അയച്ച കത്തിലാണ് ആവശ്യം. 

നേരത്തെ ജയിലിൽ പ്രോട്ടീൻ സപ്ലിമെന്റും വ്യായാമത്തിനുള്ള ബാൻഡും പ്രത്യേക ഭക്ഷണവും അനുവദിക്കണമെന്ന് സുശീൽ ആവശ്യപ്പെട്ടിരുന്നു. ടോക്യോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും പ്രത്യേക ഡയറ്റിന്റെ ഭാഗമായി ഒമേഗ 3 ക്യാപ്സ്യൂളുകളും മൾട്ടിവിറ്റാമിൻ ഗുളികകളും നൽകണമെന്നും സുശീൽ ആവശ്യപ്പെട്ടിരുന്നു.

രണ്ട് നേരമായി അഞ്ചു റൊട്ടി, പച്ചക്കറി, ചോറ്, പരിപ്പ് എന്നിവയാണ് സാധാരണ തടവുകാർക്കുള്ള ഭക്ഷണം. ഇതിനു പുറമേ പ്രതിമാസം ജയിൽ കാന്റീനിൽ നിന്ന് 6000 രൂപയ്ക്കുള്ള ഭക്ഷണവും വാങ്ങാം. എന്നാൽ തന്റെ ശരീരഘടന നിലനിർത്താൻ ഇവ അപര്യാപ്തമാണെന്ന് സുശീൽ വ്യക്തമാക്കിയിരുന്നു.

23-കാരനായ സാഗറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുശീലിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ ഒൻപത് വരെ നീട്ടിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളാണ് സുശീലിനെതിരേ ചുമത്തിയിരിക്കുന്നത്.

മെയ് നാലാം തീയതി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽവെച്ചുണ്ടായ അടിപിടിക്കിടെയാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി താരം സാഗർ റാണ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ഒളിവിൽപോയ സുശീൽ കുമാറിനെ രണ്ടാഴ്ച്ചയ്ക്കു ശേഷം വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവെച്ച് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com