നെയ്മര്‍-പാക്വേറ്റ ടെലിപ്പതി തകര്‍ക്കണം; മെസിക്കും സംഘത്തിനും മുന്‍പിലെ വെല്ലുവിളി

ബ്രസീലിനെതിരെ മാരക്കാനയില്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ പ്രവചനങ്ങള്‍ക്കെല്ലാം പ്രസക്തിയില്ലാതെയാവുന്നു
നെയ്മര്‍, പാക്വേറ്റ/ഫോട്ടോ: ട്വിറ്റര്‍
നെയ്മര്‍, പാക്വേറ്റ/ഫോട്ടോ: ട്വിറ്റര്‍

കോപ്പ അമേരിക്ക കിരീടത്തിനരികെ ഒരിക്കല്‍ കൂടി മെസി കാലിടറി വീഴുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബ്രസീലിനെതിരെ മാരക്കാനയില്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ പ്രവചനങ്ങള്‍ക്കെല്ലാം പ്രസക്തിയില്ലാതെയാവുന്നു. ഫൈനലില്‍ അര്‍ജന്റീനയെ ഏറ്റവും അലോസരപ്പെടുത്താന്‍ പോവുന്നത് നെയ്മര്‍-പാക്വേറ്റ ടെലിപ്പതിയാണ്...

2019ല്‍ നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കോപ്പ കിരീടം ഉയര്‍ത്തിയത്. എന്നാല്‍ ഇത്തവണ ബ്രസീലിന്റെ പ്രകടനങ്ങളില്‍ നിര്‍ണായകമാവുകയാണ് നെയ്മറിന്റെ കളി. ഇവിടെ നെയ്മറിന് മേലുള്ള ഭാരം പങ്കുവയ്ക്കാന്‍ കൂട്ടായി പാക്വേറ്റയും എത്തുന്നു. 

കോപ്പ അമേരിക്കയോടെ നെയ്മറുമായി ലിയോണ്‍ സട്രൈക്കര്‍ ഇരുവര്‍ക്കുമിടയിലെ ബന്ധം ദൃഡമാക്കുന്നു. ഇരുവരുടേയും കൂട്ടുകെട്ട് കോപ്പയില്‍ എതിരാളികളെ ഇതിനോടകം വലച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിക്കെതിരെ ബ്രസീലിന്റെ വിജയ ഗോള്‍ വന്നത് നെയ്മര്‍-പാക്വേറ്റ കൂട്ടുകെട്ടില്‍ നിന്നാണ്. 

സെമി ഫൈനലില്‍ പെറുവിനെതിരെ ബ്രസീലിന്റെ ഏക ഗോള്‍ വന്നതും നെയ്മര്‍-പാക്വേറ്റ സഖ്യത്തില്‍ നിന്നും. തങ്ങളുടെ കൂട്ടുകെട്ട് ആസ്വദിച്ചാണ് ഗ്രൗണ്ടില്‍ ഇരുവരുടേയും കളി. തങ്ങളെ മാര്‍ക്ക് ചെയ്തിരിക്കുന്ന കളിക്കാര്‍ക്ക് ചുറ്റുമോടിയും വണ്‍-ടൂസ് കളിച്ചും ഇരുവരും അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നു. കട്ടുറപ്പുള്ള ടീമാണ് ബ്രസീലിന്റേത്. അവിടെ നെയ്മര്‍-പാക്വേറ്റ ടെലിപ്പതി അവരുടെ ശക്തി കൂട്ടുന്നു.

2019ലെ കോപ്പ അമേരിക്ക ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് പെറുവിനെ തകര്‍ത്താണ് ബ്രസീല്‍ കിരീടം ചൂടിയത്. ആ വര്‍ഷം സെമി ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയെ ബ്രസീല്‍ തോല്‍പ്പിച്ചിരുന്നു. പിന്നാലെ കോപ്പയില്‍ അഴിമതിയെന്ന് തുറന്നടിച്ച് മെസി രംഗത്തെത്തുകയും ചെയ്തു. 

ഇത്തവണ മാരക്കാനയില്‍ ഫൈനലില്‍ തീപാറുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് മെസിയും കൂട്ടരും എത്തുന്നത്. ഫൈനലില്‍ അര്‍ജന്റീനയെയാണ് തനിക്ക് വേണ്ടതെന്ന് നെയ്മര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com