റഹീം സ്‌റ്റെര്‍ലിങ്ങിന്റെ ഡൈവില്‍ പെനാല്‍റ്റി, യുറോ 2020ലെ ആദ്യ വിവാദ തീരുമാനം; വിമര്‍ശനം ശക്തം

ഡെന്‍മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തോല്‍പ്പിച്ചതിന് പിന്നാലെ പെനാല്‍റ്റി അനുവദിച്ചതിനെ ചൊല്ലി വിവാദം ഉടലെടുത്തു
ഡെന്‍മാര്‍ക്കിനെതിരെ റഹീം സ്റ്റെര്‍ലിങ്ങിന്റെ മുന്നേറ്റം/ഫോട്ടോ: ട്വിറ്റര്‍
ഡെന്‍മാര്‍ക്കിനെതിരെ റഹീം സ്റ്റെര്‍ലിങ്ങിന്റെ മുന്നേറ്റം/ഫോട്ടോ: ട്വിറ്റര്‍

വെംബ്ലി: 55 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ത്രീ ലയേണ്‍സ് എത്തി. ഡെന്‍മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തോല്‍പ്പിച്ചതിന് പിന്നാലെ പെനാല്‍റ്റി അനുവദിച്ചതിനെ ചൊല്ലി വിവാദം ഉടലെടുത്തു. 

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യത്തെ റഫറിയുടെ വിവാദ തീരുമാനം ഇംഗ്ലണ്ടിന് അനുകൂലമായി വന്നു. 103ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയില്‍ മുന്നേറിയ റഹീം സ്റ്റെര്‍ലിങ്ങിന് ജോക്കിം മെഹ്ലെയുടെ ചലഞ്ചില്‍ ബാലന്‍സ് നഷ്ടപ്പെട്ടു. മറ്റൊരു ഡെന്‍മാര്‍ക്ക് താരം ജെന്‍സെനിന്റെ തട്ടല്‍ കൂടിയായപ്പോള്‍ സ്‌റ്റെര്‍ലിങ് വീണു. ഇതോടെയാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. എന്നാല്‍ അവിടെ സ്റ്റെര്‍ലിങ്ങിനെ വീഴ്ത്താന്‍ മാത്രമുള്ള ചലഞ്ച് വന്നിട്ടില്ലെന്നാണ് അഭിപ്രായം ഉയരുന്നത്. 

വാറിന്റെ പരിശോധനയ്ക്ക് ശേഷവും പെനാല്‍റ്റി വിധിച്ച തീരുമാനം മാറിയില്ല. ഇംഗ്ലണ്ട് നായകനെടുത്ത പെനാല്‍റ്റി കാസ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി വിജയ ഗോള്‍ നേടി. അവിടെയൊരു പെനാല്‍റ്റി നല്‍കാനുള്ള കാരണം താന്‍ കാണുന്നില്ലെന്ന് ഡെന്‍മാര്‍ക്ക് മാനേജര്‍ പറഞ്ഞു. 

കളിയുടെ നിര്‍ണായക ഘട്ടത്തില്‍ കളിയില്‍ അത്രയും സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളെ ഇങ്ങനെ സ്വീകരിക്കാന്‍ പാടില്ലെന്ന് ഡാനിഷ് കോച്ച് പറഞ്ഞു. വാറിന്റെ സഹായം അവിടെ ഉണ്ടായെന്നും 2020 യൂറോയിലെ റഫറിയിങ് പ്രശംസ നേടിയതാണെന്നുമാണ് ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റ് പ്രതികരിച്ചത്. 

ഡെന്‍മാര്‍ക്ക് ബോക്‌സിലേക്ക് റഹീം സ്‌റ്റെര്‍ലിങ് എത്തിയപ്പോഴേക്കും ഗ്രൗണ്ടില്‍ മറ്റൊരു പന്ത് കൂടി ഉണ്ടായിരുന്നതും ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ഗോളിനെ ചോദ്യം ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രൗണ്ടില്‍ ഒരേ സമയം രണ്ട് പന്തുകള്‍ വരുമ്പോള്‍ മത്സരം നിര്‍ത്തി വയ്ക്കണമായിരുന്നു. എന്നാല്‍ കളി തുടരാനാണ് റഫറി തീരുമാനിച്ചത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com