പരിക്കേറ്റ് മടങ്ങിയത് മൂന്ന് കളിക്കാര്‍, ഇംഗ്ലണ്ടിലേക്ക് ഭുവനേശ്വര്‍ കുമാറിനെ അയച്ചേക്കും 

ബാക്ക്അപ്പ് താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കേണ്ടതുണ്ടോ എന്നതില്‍ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ മൂന്ന് താരങ്ങള്‍ പരിക്കേറ്റ് ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയതോടെ പകരം താരങ്ങളെ ബിസിസിഐ പരിഗണിക്കുന്നു. ബാക്ക്അപ്പ് താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കേണ്ടതുണ്ടോ എന്നതില്‍ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 

24 അംഗ സംഘത്തെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയച്ചത്. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റപ്പോള്‍ പകരം താരത്തെ അയക്കില്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നീ രണ്ടു താരങ്ങള്‍ ശ്രീലങ്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പോവും എന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ടീം മാനേജ്‌മെന്റിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചില്ല. 

കൗണ്ടി സെലക്ട് 11ന് എതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിലാണ് മുഹമ്മദ് സിറാജിന്റെ ബൗണ്‍സറില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ വിരലിന് പരിക്കേറ്റത്. വാഷിങ്ടണ്‍ സുന്ദറും ആവേശ് ഖാനും മടങ്ങുന്നതോടെ ഇന്ത്യന്‍ സംഘം 21 ആയി ചുരുങ്ങി. 

ഇംഗ്ലണ്ടിലേക്ക് ബാക്ക്അപ്പ് കളിക്കാരെ ഉടനെ അയക്കേണ്ടതുണ്ടോ എന്ന് തങ്ങള്‍ പരിശോധിക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇംഗ്ലണ്ടിലേക്ക് കളിക്കാരെ അയക്കണം എങ്കില്‍ ശ്രീലങ്കന്‍ പര്യടനത്തിലുള്ള സംഘത്തില്‍ നിന്ന് വേണം. യുകെ സര്‍ക്കാരിന്റെ റെഡ് ലിസ്റ്റിലുള്ള രാജ്യമാണ് ശ്രീലങ്ക. ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ ഇവിടെ സാധ്യമാവില്ല. ഇത്തരം യാത്ര പ്രശ്‌നങ്ങളാണ് ബിസിസിഐയ്യെ വലയ്ക്കുന്നത്. 

വാഷിങ്ടണ്‍ സുന്ദറിന് പകരമായി ഭുവനേശ്വര്‍ കുമാറിനെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയക്കുമോ എന്ന ചോദ്യവും ഉയരുന്നു. ഭുവിയുടെ ടെസ്റ്റ് ഭാവിയെ കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com