സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് ടീമിലേക്കും വിളിയെത്തി; പൃഥ്വി ഷായ്ക്കും ജയന്ത് യാദവിനുമൊപ്പം ഇംഗ്ലണ്ടിലേക്ക് 

ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് പകരമായാണ് മൂവരേയും ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് എന്നിവര്‍ ഇംഗ്ലണ്ടിലേക്ക് പറക്കും. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് പകരമായാണ് മൂവരേയും ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെയാണ് ഗില്ലിന്റെ പരിക്ക് രൂക്ഷമായത്. ഗില്ലിന് പകരം താരത്തെ അയക്കണം എന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ തയ്യാറായില്ല. എന്നാല്‍ സന്നാഹ മത്സരത്തില്‍ മുഹമ്മദ് സിറാജിന്റെ ബൗണ്‍സറില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനും പരിക്കേറ്റതോടെയാണ് മൂന്ന് താരങ്ങളെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. 

നിലവില്‍ ശ്രീലങ്കയിലാണ് പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും. ടി20 പരമ്പരയുടെ മധ്യത്തില്‍ ഇരുവരും ലണ്ടനിലേക്ക് പോകുമോ അതോ ടി20 പരമ്പരക്ക് മുന്‍പ് പോകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഓഗസ്റ്റ് 4നാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ്. 

പൃഥ്വി ഷായുടെ ഇപ്പോഴത്തെ ഫോമും മായങ്ക് അഗര്‍വാളിന്റെ താളപ്പിഴയും കണക്കിലെടുത്താണ് മാനേജ്‌മെന്റിന്റെ ആവശ്യത്തിന് അനുകൂലമായി ബിസിസിഐ തീരുമാനം വന്നത്. ലണ്ടനിലെത്തുന്ന പൃഥ്വി ഷായ്ക്കും സുര്യക്കും ജയന്തിനും ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത കുറവാണ്. 

ശ്രീലങ്കയില്‍ നിന്ന് ലണ്ടനിലെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. രഹാനെയ്ക്ക് ഹാംസ്ട്രിങ് ഇഞ്ചുറിയുള്ളതും ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ലണ്ടനിലേക്ക് വിളിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com