2007ലെ ടി20 ലോകകപ്പിൽ ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ചു, എന്നാലവർ ധോനിയെ നായകനാക്കി: യുവരാജ് സിങ്

ക്യാപ്റ്റനായില്ലെങ്കിലും ഇന്ത്യ കിരീടം ഉയർത്തിയ ടി20 ലോകകപ്പിൽ താരമായത് യുവിയാണ്
യുവരാജ് സിങ്, ധോനി/ഫയൽ ചിത്രം
യുവരാജ് സിങ്, ധോനി/ഫയൽ ചിത്രം

മുംബൈ: 2007ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നായകനായി തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇന്ത്യൻ മുൻ താരം യുവരാജ് സിങ്. എന്നാൽ ധോനിയെ അവർ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നെന്ന് യുവി പറഞ്ഞു. 

'ഏകദിന ലോകകപ്പിൽ ഇന്ത്യ തിരിച്ചടി നേരിട്ട് നിൽക്കുന്ന സമയം. ഇന്ത്യൻ ക്രിക്കറ്റിൽ അത് വലിയ അലയൊലികൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ ഇന്ത്യയുടെ രണ്ട് മാസം നീണ്ട് നിൽക്കുന്ന ഇം​ഗ്ലണ്ട് പര്യടനം. അതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്കും അയർലാൻഡിനും എതിരായ പരമ്പര. പിന്നാലെയാണ് ടി20 ലോകകപ്പ്.' 

നാല് മാസത്തോളം ഇന്ത്യയിൽ നിന്ന് വിട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു അവിടെ. അതിനാൽ സീനിയർ കളിക്കാരെല്ലാം തങ്ങൾക്ക് വിശ്രമം വേണമെന്ന ചിന്തയിലായിരുന്നു. ടി20 ലോകകപ്പിന് അവർ ശ്രദ്ധ കൊടുത്തില്ല. ഇതോടെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനാവാം എന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാലവർ ധോനിയാവും ക്യാപ്റ്റൻ എന്ന് പ്രഖ്യാപിച്ചു, യുവി പറയുന്നു. 

ക്യാപ്റ്റൻ ആരായാലും നമ്മൾ അയാളെ പിന്തുണയ്ക്കും. രാഹുലായാലും സൗരവ് ആയാലും ആരായാലും..ഒരു ടീം മാൻ ആയിരിക്കണം നമ്മൾ. ഞാൻ അങ്ങനെ ആയിരുന്നു, ഇന്ത്യൻ മുൻ താരം പറഞ്ഞു. ക്യാപ്റ്റനായില്ലെങ്കിലും ഇന്ത്യ കിരീടം ഉയർത്തിയ ടി20 ലോകകപ്പിൽ താരമായത് യുവിയാണ്. 12 പന്തിൽ അർധ ശതകവും ആറ് പന്തിൽ ആറ് സിക്സുമായെല്ലാം യുവി കളം നിറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com