അവരെ തൊടാന്‍ ഭയമോ? ബാഴ്‌സലോണ, റയല്‍, യുവന്റസ് ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടി ഇല്ല; മലക്കം മറിഞ്ഞ് യുവേഫ

അവരെ തൊടാന്‍ ഭയമോ? ബാഴ്‌സലോണ, റയല്‍, യുവന്റസ് ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടി ഇല്ല; മലക്കം മറിഞ്ഞ് യുവേഫ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യോന്‍: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു യൂറോപിലെ 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് തീരുമാനിച്ച യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍. വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയതോടെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ ടീമുകളടക്കമുള്ളവ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. എന്നാൽ സൂപ്പര്‍ ലീഗ് കളിക്കുമെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന് പിന്‍മാറാതെ നില്‍ക്കുന്ന ടീമുകളാണ് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ മുന്‍ ചാമ്പ്യന്‍മാരായ യുവന്റസ് ക്ലബുകള്‍. 

പിന്‍മാറാതെ നില്‍ക്കുന്ന ഈ മൂന്ന് ടീമുകള്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നായിരുന്നു യുവേഫ ടീമുകള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കുന്നതടക്കം വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുവേഫ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായി ഇപ്പോഴും നില്‍ക്കുന്ന ക്ലബുകളായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളെ വിലക്കാന്‍ ഉള്ള തീരുമാനം യുവേഫ ഉപേക്ഷിച്ചതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇവരെ വരും സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കും എന്നായിരുന്നു നേരത്തെ യുവേഫയുടെ പ്രഖ്യാപനം. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ യുവേഫ മലക്കം മറിഞ്ഞു. തത്കാലം ഈ മൂന്ന് ക്ലബുകള്‍ക്ക് എതിരെയും യാതൊരു നടപടിയും വേണ്ട എന്നാണ് യുവേഫയുടെ തീരുമാനം. 

യൂറോപ്പിലെ ഏറ്റവും വലിയ ക്ലബുകളായ ഇവര്‍ക്കെതിരെ നടപടി എടുത്താല്‍ പ്രതിരോധത്തിലായി പോകും എന്ന ഭയമാണ് യുവേഫയെ പിറകോട്ട് അടുപ്പിച്ചത്. പുതിയ ഉത്തരവ് വരുന്നത് വരെ ഈ ക്ലബുകള്‍ക്ക് എതിരായ എല്ലാ നടപടികളും സ്റ്റേ ചെയ്യാന്‍ ആണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് ഈ ക്ലബുകളെ യുവേഫ ടൂര്‍ണമെന്റുകളായ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയില്‍ നിന്ന് വിലക്കും എന്നായിരുന്നു യുവേഫ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ ക്ലബുകള്‍ ഇല്ലായെങ്കില്‍ ചാമ്പ്യന്‍സ് ലീഗിന്റെ നിലവാരം താഴോട്ടേക്ക് പോകും എന്ന് യുവേഫ ഭയക്കുന്നു.

ടീമുകള്‍ യുവേഫയുടെ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്ന കാര്യം മുന്നില്‍ കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ചില നിയമ നടപടികള്‍ മുന്‍കൂറായി ടീമുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് യുവേഫ അപ്പീല്‍ ബോഡി ഇക്കാര്യം ചര്‍ച്ച ചെയ്ത് അച്ചടക്ക നടപടികള്‍ തത്കാലം എടുക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത് എന്നാണ് യുവേഫ വക്താക്കള്‍ നല്‍കുന്ന വിശദീകരണം. 

സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍മാറിയ മറ്റ് ഒന്‍പത് ക്ലബുകള്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് വരുമാനത്തില്‍ നിന്ന് ചെറിയൊരു സംഖ്യ പിഴയായി ഒടുക്കണമെന്ന് നേരത്തെ യുവേഫ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ക്ലബുകള്‍ യുവേഫയുടെ പുതിയ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com