ജർമനിയെ വീഴ്ത്തി ഹമ്മൽസിന്റെ സെൽഫ് ​ഗോൾ, 1-0ന്റെ ജയവുമായി ലോക ചാമ്പ്യന്മാർ തുടങ്ങി

ജർമൻ പ്രതിരോധ നിര താരം മാറ്റ് ഹമ്മൽസിന്റെ ക്ലിയറൻസ് പിഴച്ച് ​ഗോൾ വല കുലുങ്ങിയപ്പോൾ എതിരില്ലാത്ത ഒരു ​ഗോളിന് ഫേവറിറ്റുകളായ ഫ്രാൻസ് ജയം പിടിച്ചു
ജർമനിക്കെതിരെ ​ഗോൾ നേടിയ ഫ്രാൻസ് താരങ്ങളുടെ ആഘോഷം/ഫോട്ടോ:ട്വിറ്റർ
ജർമനിക്കെതിരെ ​ഗോൾ നേടിയ ഫ്രാൻസ് താരങ്ങളുടെ ആഘോഷം/ഫോട്ടോ:ട്വിറ്റർ

മ്യൂണിക്ക്: ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീം എന്ന വിശേഷണവുമായി എത്തിയ ഫ്രാൻസ് ജയത്തോടെ തുടങ്ങി. ജർമൻ പ്രതിരോധ നിര താരം മാറ്റ് ഹമ്മൽസിന്റെ ക്ലിയറൻസ് പിഴച്ച് ​ഗോൾ വല കുലുങ്ങിയപ്പോൾ എതിരില്ലാത്ത ഒരു ​ഗോളിന് ഫേവറിറ്റുകളായ ഫ്രാൻസ് ജയം പിടിച്ചു. 

പന്ത് കൈവശം വെക്കുന്നതതിലും പാസുകളിലുമെല്ലാം ജർമനി ആധിപത്യം പുലർത്തിയെങ്കിലും മുന്നേറ്റ നിര ഫോമിലേക്ക് ഉയരാതിരുന്നത് ജർമനിയെ ഒരിക്കൽ കൂടി കുഴപ്പിച്ചു. 10 ഷോട്ടുകൾ ജർമനിയിൽ നിന്ന് വന്നപ്പോൾ ഓൺ ടാർ​ഗറ്റിലേക്ക് എത്തിയത് ഒന്ന് മാത്രമാണ്. ഫ്രാൻസിൽ നിന്ന് വന്നത് നാല് ഷോട്ടുകൾ മാത്രവും. 

17ാം മിനിറ്റിൽ‌ വേ​ഗത നിറച്ചെത്തിയ എംബാപ്പെയുടെ മുന്നേറ്റം തീർത്ത ഭീഷണി ജർമൻ ​ഗോൾ കീപ്പർ ന്യൂയർ തടുത്തിട്ടു.20ാം മിനിറ്റിലായിരുന്നു ഹമ്മൽസിന്റെ കാലുകളിൽ നിന്ന് ഫ്രാൻസ് ലീഡ് എടുത്തത്. ഹെർണാണ്ടസിന്റെ ക്രോസിൽ കാൽ വെച്ച ഹമ്മൽസിന്റെ പേരിലേക്ക് സെൽഫ് ​ഗോളെത്തി. 

ജർമൻ മധ്യനിരയിലെ ക്രൂസിന്റേയും ​ഗുണ്ടോ​ഗന്റേയും ഒത്തിണക്കമില്ലായ്മയും ജർമൻ മുന്നേറ്റത്തെ പിന്നോട്ടടിച്ചു. അറ്റാക്കിങ്ങിലേക്ക് പാസുകൾ നൽകുന്നതിൽ ഇരുവരും വിയർത്തു. കാന്റേയ്ക്കും പോ​ഗ്ബയ്ക്കും ക്രൂസിനേയും ​ഗുണ്ടോകനേയും വേ​ഗത്തിൽ മറികടക്കാനും കഴിഞ്ഞു. 3-4-3 ഫോർമാറ്റിൽ കളിച്ചതും ജർമനിക്ക് തിരിച്ചടിയായി. എക്സ്ട്രാ മിഡ് ഫീൽഡറെ ഇത് ഇല്ലാതാക്കിയപ്പോൾ ശരിയായ വിങ്ങറുടെ അഭാവവും പ്രകടമായി. 

രണ്ടാം പകുതിയിൽ 4-4-2 എന്ന ഫോർമാറ്റിലേക്ക് ജർമനി ഇറങ്ങി. ജർമനി സമനില ​ഗോൾ ലക്ഷ്യം വെച്ച് കളിച്ചപ്പോൾ 55ാം മിനിറ്റിൽ ​ഗ്നാബ്രിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. 66ാം മിനിറ്റിൽ എംബാപ്പെയിലൂടെ ഫ്രാൻസ് ലീഡ് ഉയർത്തി എന്ന് തോന്നിച്ചു. എന്നാൽ റഫറി ഓഫ് സൈഡ് വിളിച്ചു. 85ാം മിനിറ്റിൽ ബെൻസെമയിലൂടെയാണ് ഫ്രാൻസ് ​ഗോൾ വല കുലുക്കിയത്. എന്നാൽ അവിടേയും ഓഫ് സൈഡ് വില്ലനായി. 

കരുത്തുറ്റ മുന്നേറ്റ നിരയുമായി എത്തിയ ഫ്രാൻസിന് പക്ഷേ പ്രതീക്ഷിച്ച നിലയിൽ കളി പുറത്തെടുക്കാൻ കഴിഞ്ഞില്ല. പന്ത് കൈവശം വെക്കാൻ ജർമനിയെ അനുവദിക്കുകയും കൗണ്ടറുകളിലൂടെ മുന്നേറ്റം നടത്തുകയുമായിരുന്നു ഫ്രാൻസിന്റെ പ്രധാന ലക്ഷ്യം. 1-0നാണ് കളി അവസാനിച്ചതെങ്കിലും കളിയിൽ ജർമനിക്ക് വലിയ അവസരങ്ങൾക്കൊന്നും ഫ്രാൻസ് വക നൽകിയതുമില്ല. പ്രതിരോധ നിരയുടെ സ്ഥിരതയ്ക്ക് മുൻതൂക്കം നൽകിയായിരുന്നു ലോക ചാമ്പ്യന്മാരുടെ പ്രകടനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com