യൂറോയിലെ മുന്നേറ്റം; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിലും വന്‍ ആഘോഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 12:30 PM  |  

Last Updated: 30th June 2021 12:30 PM  |   A+A-   |  

england_cricket_team

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആഘോഷം/വീഡിയോ ദൃശ്യം

 
യൂറോ കപ്പിലെ അവസാന 16ല്‍ ജര്‍മനിയെ വീഴ്ത്തിയതിന്റെ ആഘോഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിലും. എതിരില്ലാത്ത രണ്ട് ഗോളിന് ജര്‍മനിക്ക് മേല്‍ വെംബ്ലിയില്‍ നാല്‍പതിനായിരത്തോളം വരുന്ന സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ജയം പിടിച്ചതിന്റെ ആഘോഷമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളിലും പ്രകടമായത്. 

വെംബ്ലിയില്‍ ജര്‍മനിക്കെതിരെ ഏഴ് തുടര്‍ തോല്‍വികള്‍ വഴങ്ങിയതിന് പിന്നാലെയാണ് റഹീം സ്റ്റെര്‍ലിങ്ങിന്റേയും ഹാരി കെയ്‌നിന്റേയും ഗോള്‍ ബലത്തില്‍ ഇംഗ്ലണ്ട് ജയം പിടിച്ചത്. ജര്‍മനിയെ തങ്ങളുടെ ടീം മുട്ടുകുത്തിച്ചതിന്റെ സന്തോഷം ആഘോഷിക്കുന്ന വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആണ് പങ്കുവെച്ചത്. 

ഇറ്റ്‌സ് കമിങ് ഹോം എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിനൊപ്പം ഹാഷ് ടാഗായി കൊടുത്തിരിക്കുന്നത്. സ്വീഡനെ തോല്‍പ്പിച്ച് വരുന്ന ഉക്രെയ്‌നാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ഫുട്‌ബോളിന് പുറമെ ഇന്നലെ നടന്ന ക്രിക്കറ്റ് മത്സരത്തിലും ഇംഗ്ലണ്ട് ടീം മികവ് കാണിച്ചു. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ 15 ഓവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ജയത്തിലേക്ക് എത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്ക 185 റണ്‍സില്‍ ഒതുങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും മൂന്ന് വിക്കറ്റെടുത്ത ഡേവിഡ് വില്ലിയുമാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇംഗ്ലണ്ടിനായി 79 റണ്‍സ് നേടി റൂട്ട് നങ്കൂരമിട്ടപ്പോള്‍ 21 പന്തില്‍ നിന്ന് 43 റണ്‍സ് അടിച്ചെടുത്ത് ബെയര്‍‌സ്റ്റോ ജയം വേഗത്തിലാക്കി.