ബിസിസിഐക്ക് തലവേദന; ന്യൂസിലാൻഡ് കളിക്കാർക്കും ഐപിഎൽ പുനരാരംഭിച്ചാൽ എത്താനാവില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2021 11:40 AM  |  

Last Updated: 12th May 2021 11:48 AM  |   A+A-   |  

kanewilliamson

കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ


വെല്ലിങ്ടൺ: ഐപിഎൽ 14ാം സീസണിൽ 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഈ വർഷം സീസൺ പൂർത്തിയാക്കാൻ ബിസിസിഐ ആലോചനകൾ നടക്കുകയാണ്. എന്നാൽ ഇം​ഗ്ലണ്ട് കളിക്കാർക്ക് ഐപിഎൽ സീസൺ പുനരാരംഭിച്ചാൽ കളിക്കാനാവില്ലെന്ന് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. പിന്നാലെ ന്യൂസിലാൻഡ് കളിക്കാർക്കും കളിക്കാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത്.  

ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനത്തിന് ശേഷം സെപ്തംബറിൽ ഐപിഎൽ വിൻഡോയ്ക്ക് സമയം കണ്ടെത്താനാണ് ബിസിസിഐയുടെ ശ്രമം. എന്നാൽ ഈ സമയം പാകിസ്ഥാനെതിരായ പരമ്പരയാണ് ന്യൂസിലാൻഡിന്റെ മുൻപിലുള്ളത്. യുഎഇയിലാണ് മത്സരം. ന്യൂസിലാൻഡിന്റെ ബം​ഗ്ലാദേശിന് എതിരായ പരമ്പരയിൽ നിന്ന് പല ഐപിഎൽ താരങ്ങളും വിട്ടുനിന്നിരുന്നു. എന്നാൽ പാകിസ്ഥാനെതിരായ പരമ്പരയിൽ അവർക്ക് കളിക്കേണ്ടതായി വരും. 

കാരണം ടി20 ലോകകപ്പിനുള്ള മുൻപുള്ള ന്യൂസിലാൻഡിന്റെ ഒരുക്കമായാണ് പാകിസ്ഥാന് എതിരായ പരമ്പര വിലയിരുത്തപ്പെടുന്നത്. എന്നാൽ ടി20 ലോകകപ്പിന് ശേഷമാണ് ഐപിഎൽ നടത്തുന്നത് എങ്കിൽ കിവീസ് കളിക്കാർക്ക് എത്താൻ സാധിച്ചേക്കും. നവംബർ മധ്യത്തോടെ ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുക എന്ന ചിന്തയും ബിസിസിഐയുടെ മുൻപിലുണ്ട്. 

ടി20 ലോകകപ്പ്, ആഷസ് എന്നിവ ചൂണ്ടിക്കാണിച്ചാണ് ഐപിഎൽ മത്സരങ്ങളിലേക്കായി ഇം​ഗ്ലണ്ട് കളിക്കാർക്ക് എത്താൻ സാധിച്ചേക്കില്ലെന്ന് ഇം​​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയത്. ഇം​ഗ്ലണ്ടിന്റെ ദി ഹൺട്രഡ് ടൂർണമെന്റിലും ഇവർക്ക് കളിക്കേണ്ടി വരും. ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ 2500 കോടി രൂപയുടെ നഷ്ടം ബിസിസിഐക്ക് മേൽ വീഴുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി പറഞ്ഞത്.