സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ ഐപിഎൽ, യുഎഇ വേദി; ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും

മെയ് 29ന് ബിസിസിഐ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ നടത്തിയേക്കും. യുഎഇ ആയിരിക്കും വേദിയെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 29ന് ബിസിസിഐ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

31 മത്സരങ്ങളാണ് ഐപിഎല്ലിൽ ഇനി ശേഷിക്കുന്നത്. ഓ​ഗസ്റ്റ് 4നാണ് ഇന്ത്യയുടെ ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. മൂന്നാമത്തെ ടെസ്റ്റിനും നാലാമത്തേതിനും ഇടയിൽ 9 ദിവസത്തെ ഇടവേളയുണ്ട്. ഇത് നാല് ദിവസമായി കുറച്ചാൽ ബിസിസിഐക്ക് അഞ്ച് ദിവസം അധികം ലഭിക്കും. അഞ്ച് ടെസ്റ്റുകൾക്കായി നീക്കിവെച്ചിരിക്കുന്ന 41 ദിവസത്തെ വിൻഡോയിൽ മാറ്റം വരുത്തണം എന്ന ആവശ്യം ഔദ്യോ​ഗികമായി ബിസിസിഐ ഇം​​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് മുൻപാകെ വെച്ചിട്ടില്ല. 

ഇത്തരമൊരു ആവശ്യം ഉന്നയിക്കാതെ തന്നെ ബിസിസിഐ മുൻപോട്ട് പോയാൽ 30 ദിവസത്തെ വിൻഡോ ബിസിസിഐക്ക് മുൻപിൽ തുറന്നു കിട്ടും. സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ. ഇം​ഗ്ലണ്ട്-ഇന്ത്യ ടെസ്റ്റിൽ നിന്ന് എക്സ്ട്രാ ദിവസങ്ങൾ ലഭിച്ചാൽ അത് ഐപിഎൽ വിൻഡോയിൽ കൂട്ടിച്ചേർക്കാനാവും. 

ഇന്ത്യൻ, ഇം​ഗ്ലണ്ട് ടീമുകൾക്ക് യുഎഇയിലേക്ക് എത്തേണ്ടതുണ്ട്. അഞ്ച് ദിവസം നോക്ക്ഓട്ട് മത്സരങ്ങൾക്കായും മാറ്റിവെക്കണം. ഇതോടെ 24 ദിവസത്തിൽ ബിസിസിഐക്ക് 27 മത്സരങ്ങൾ നടത്താനാവണം. ശനിയും ഞായറും രണ്ട് മത്സരങ്ങൾ വീതം സംഘടിപ്പിക്കേണ്ടതായി വരും. ഇം​ഗ്ലണ്ട്, ന്യൂസിലാൻഡ് താരങ്ങൾ തങ്ങളുടെ കളിക്കാരെ അനുവദിക്കാൻ സാധിച്ചേക്കില്ലെന്ന് പറഞ്ഞിരുന്നു. ഇവരുടെ നിലപാടും നിർണായകമാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com