'ബാൽക്കണിയുള്ള മുറി കൊടുക്കാൻ മറക്കരുത്'; ഐപിഎൽ പ്രഖ്യാപനം വന്നതോടെ റെയ്ന ട്വിറ്ററിൽ ട്രെൻഡിങ്

ബിസിസിഐ പ്രഖ്യാപനം വന്നതിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ചെന്നൈ സൂപ്പർ കിങ്സിന്റെ വൈസ് ക്യാപ്റ്റൻ സുരേഷ് റെയ്ന
സുരേഷ് റെയ്‌ന/ഫയല്‍ ഫോട്ടോ
സുരേഷ് റെയ്‌ന/ഫയല്‍ ഫോട്ടോ

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന ബിസിസിഐ പ്രഖ്യാപനം വന്നതിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ചെന്നൈ സൂപ്പർ കിങ്സിന്റെ വൈസ് ക്യാപ്റ്റൻ സുരേഷ് റെയ്ന. കഴിഞ്ഞ സീസണിൽ യുഎഇയിൽ നിന്ന് ടൂർണമെന്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുണ്ടായ കാരണം സംബന്ധിച്ച് നിരവധി വ്യത്യസ്ത റിപ്പോർട്ടുകൾ വന്നിരുന്നു. അതെല്ലാം ചൂണ്ടി ഇപ്പോൾ റെയ്നയെ ട്രോളുകയാണ് ആരാധകർ. 

ബാൽക്കണിയുള്ള മുറി റെയ്നയ്ക്ക് ഉറപ്പ് വരുത്തണം എന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. കഴിഞ്ഞ സീസണിൽ ബാൽക്കണിയുള്ള മുറി ലഭിക്കാതിരുന്നത് റെയ്നയിൽ അതൃപ്തിയുണ്ടാക്കിയിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ചെന്നൈ സംഘത്തിനൊപ്പം യുഎഇയിലേക്ക് റെയ്ന എത്തിയിരുന്നു. എന്നാൽ ടീം ക്വാറന്റൈനിൽ കഴിയുന്നതിന് ഇടയിൽ ചെന്നൈ ക്യാംപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.  

കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ റെയ്ന സീസൺ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ചെന്നൈ ടീം ഉടമ എൻ ശ്രീനിവാസൻ തന്നെ റെയ്നക്കെതിരെ അന്ന് പ്രതികരിച്ചിരുന്നു. പിന്നാലെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ടൂർണമെന്റ് ഉപേക്ഷിച്ചത് എന്ന് റെയ്ന പറഞ്ഞു. 

തന്റെ ബന്ധുക്കൾ ആക്രമണത്തിന് ഇരയായെന്നും ഒരാൾ മരിക്കുകയും രണ്ട് പരിക്കേൽക്കുകയും ചെയ്ത് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് റെയ്ന വ്യക്തമാക്കിയത്. വീടിനുള്ളിൽ അധിക്രമിച്ച് കയറിയായിരുന്നു ആക്രമണം. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും റെയ്ന ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com