നാണയഭാ​ഗ്യം ഓസ്ട്രേലിയക്ക്; ന്യൂസിലന്റിന് ബാറ്റിങ്; ജയിച്ചാൽ പുതുചരിത്രം

ഓസ്ട്രേലിയയും ന്യൂസീലന്‍ഡും നേരത്തെ കിരീടം നേടിയിട്ടില്ലാത്തതിനാല്‍ പുതിയ ചാമ്പ്യനാവും ദുബായില്‍ പിറവിയെടുക്കുക.
കിവീസ്, ഓസ്‌ട്രേലിയ ക്യാപ്റ്റന്‍മാര്‍
കിവീസ്, ഓസ്‌ട്രേലിയ ക്യാപ്റ്റന്‍മാര്‍

അബുദാബി: ട്വന്റി20 ലോകകപ്പ് ഫൈനലിൽ ടോസ് ഭാഗ്യം ഓസ്ട്രേലിയയ്ക്ക്. ഓസീസ് നായകൻ ആരോൺ ഫിഞ്ച് ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയച്ചു. സെമിയിൽ പാക്കിസ്ഥാനെതിരെ കളിച്ച അതേ ടീമിനെയാണ് കലാശപ്പോരിലും ഓസീസ് കളത്തിലിറക്കുന്നത്. ന്യൂസീലൻഡ് നിരയിൽ പരുക്കേറ്റ ഡെവൺ കോൺവേയ്ക്കു പകരം ടിം സീഫർട്ട് ഇന്ന് കളിക്കും.

ഇംഗ്ലീഷ് സ്വപ്നങ്ങളെ തകര്‍ത്ത് ന്യൂസീലന്‍ഡും പാകിസ്ഥാന്റെ അപരാജിത കുതിപ്പിന് തടയിട്ടാണ് ഓസ്ട്രേലിയയും ഫൈനലിൽ എത്തിയത്. മാച്ച് വിന്നര്‍മാര്‍ നിറഞ്ഞതാണ് ഇരു ടീമുകളും. ഓസ്ട്രേലിയയും ന്യൂസീലന്‍ഡും നേരത്തെ കിരീടം നേടിയിട്ടില്ലാത്തതിനാല്‍ പുതിയ ചാമ്പ്യനാവും ദുബായില്‍ പിറവിയെടുക്കുക.

ഏകദിനത്തില്‍ അഞ്ച് ലോകകിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയക്ക് ട്വന്റി 20-യില്‍ അത് സാധ്യമാവാത്തത് അദ്ഭുതമാണ്. ഓസീസ് ഇപ്പോള്‍ പ്രതാപകാലത്തിലൂടെയല്ല കടന്നുപോകുന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ആരോണ്‍ ഫിഞ്ചിനും സംഘത്തിനും സുവര്‍ണാവസരമാണ് കണ്‍മുന്നില്‍. അതേസമയം, ന്യൂസീലന്‍ഡ് ലോകക്രിക്കറ്റിലെ വന്‍ശക്തിയായി വളരുകയാണ്. 2019 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ നിര്‍ഭാഗ്യംകൊണ്ടാണ് അവര്‍ തോറ്റുപോയത്. സൂപ്പര്‍ ഓവറും ടൈ ആയപ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായി. അതേ, ഇംഗ്ലണ്ടിനെയാണ് കിവീസ് ഇക്കുറി സെമിയില്‍ കടപുഴക്കിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ അധീശത്വം അവസാനിപ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. ഒറ്റ വര്‍ഷത്തില്‍തന്നെ രണ്ട് ലോകകിരീടങ്ങള്‍ - കെയ്ന്‍ വില്യംസണിനെയും സംഘത്തെയും അത് മോഹിപ്പിക്കുന്നു.

2015 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ചാമ്പ്യന്‍മാരായിരുന്നു. അതിനുശേഷം ഓസ്ട്രേലിയക്ക് ലോകകിരീടങ്ങളൊന്നും നേടാനായിട്ടില്ല. അന്നത്തെ തോല്‍വിക്ക് കിവീസിന് പക്ഷേ, ഒരു കണക്കുതീര്‍ക്കാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com