അട്ടിമറിയിൽ ഞെട്ടി റയൽ മാഡ്രിഡ്, പിഎസ്ജി, ബയേൺ മ്യൂണിക്ക്; വമ്പൻമാരുടെ വിജയക്കുതിപ്പിന് വിരാമം

അട്ടിമറിയിൽ ഞെട്ടി റയൽ മാഡ്രിഡ്, പിഎസ്ജി, ബയേൺ മ്യൂണിക്ക്; വമ്പൻമാരുടെ വിജയക്കുതിപ്പിന് വിരാമം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മഡ്രിഡ്: യൂറോപ്പിലെ വിവിധ ലീ​ഗുകളിലായി തുടർ വിജയങ്ങളുമായി മുന്നേറിയ വമ്പൻമാർക്കെല്ലാം തോൽവി. ലാ ലി​ഗയിൽ റയൽ മാഡ്രി‍ഡ്, ഫ്രഞ്ച് ലീ​ഗ് വണിൽ പിഎസ്ജി, ബുണ്ടസ് ലീ​ഗയിൽ ബയേൺ മ്യൂണിക്ക് ടീമുകൾ തോൽവി വഴങ്ങി. സീസണിലെ ആദ്യ പരാജയാണ് വമ്പൻമാർ ഏറ്റുവാങ്ങിയത്.  

പിഎസ്ജിയെ റെന്നസ് സ്വന്തം തട്ടകത്തിൽ അട്ടിമറിച്ചു. മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് റെന്നസ് വിജയം പിടിച്ചത്. ടീമിനായി 45ാം മിനിറ്റിൽ ഗേറ്റൺ ലബോർഡെയും 46ാം മിനിറ്റിൽ ഫ്‌ലാവിയേൻ ടെയ്റ്റും ലക്ഷ്യം കണ്ടു. മെസിയും നെയ്മറും എംബാപ്പെയും ഡി മരിയയും ഡോണറുമ്മയും വെറാറ്റിയുമെല്ലാം കളത്തിലിറങ്ങിയിട്ടും പിഎസ്ജിയ്ക്ക് വിജയം നേടാനായില്ല. മെസിയുടെ ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചതൊഴികേ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും അടിക്കാൻ പിഎസ്ജിയുടെ പേരുകേട്ട മുൻനിരയ്ക്ക് സാധിച്ചില്ല. തോറ്റെങ്കിലും ഒൻപത് മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകൾ നേടി പിഎസ്ജി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. 

ലാലി​ഗയിൽ എസ്പാന്യോളിനോടാണ് റയലിന്റെ തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ടീം പരാജയം രുചിച്ചത്. എസ്പാന്യോളിന് വേണ്ടി റൗൾ ഡി തോമസും അലെക്‌സ് വിദാലും ലക്ഷ്യം കണ്ടപ്പോൾ റയലിനായി സൂപ്പർതാരം കരിം ബെൻസേമ സ്‌കോർ ചെയ്തു. എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ടീം ഒന്നാം സ്ഥാനത്ത് തുടരുന്നു.  

ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടാണ് അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ടീം തോറ്റത്. 29ാം മിനിറ്റിൽ ലിയോൺ ഗോരെറ്റ്‌‌സ്‌ക നേടിയ ഗോളിലൂടെ ബയേണാണ് ആദ്യം ലീഡെടുത്തത്. എന്നാൽ പിന്നിൽ നിന്നു രണ്ട് ഗോൾ തിരിച്ചടിച്ച് ഫ്രാങ്ക്ഫർട്ട് വിജയം സ്വന്തമാക്കി. മാർട്ടിൻ ഹിന്റെറെഗ്ഗെറും ഫിലിപ്പ് കോസ്റ്റിച്ചും ടീമിനായി സ്‌കോർ ചെയ്തു. തോറ്റെങ്കിലും ബയേണും ലീഗിൽ ടീം ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com