കുത്തിത്തിരിഞ്ഞ് നരെയ്‌ന്റെ പന്തുകള്‍; ബാംഗ്ലൂരിന്റെ പോരാട്ടം 138ല്‍ അവസാനിപ്പിച്ച് കൊല്‍ക്കത്ത; ലക്ഷ്യം 139 റണ്‍സ്

കുത്തിത്തിരിഞ്ഞ് നരെയ്‌ന്റെ പന്തുകള്‍; ബാംഗ്ലൂരിന്റെ പോരാട്ടം 138ല്‍ അവസാനിപ്പിച്ച് കൊല്‍ക്കത്ത; ലക്ഷ്യം 139 റണ്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: നിര്‍ണായകമായ നാല് വിക്കറ്റുകള്‍ വീഴ്ത്തി സുനില്‍ നരെയ്‌ന്റെ പന്തുകള്‍ മാന്ത്രികത കൈവരിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുകഴ്‌പ്പെറ്റ ബാറ്റിങ് നിരയ്ക്ക് അടിതെറ്റി. എലിമിനേറ്റര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റിങിന് ഇറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ലക്ഷ്യം 139 റണ്‍സ്.

ടോസ് നേടി ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 49ല്‍ നില്‍ക്കെ ദേവ്ദത്തിനെ പുറത്താക്കി ലോക്കി ഫെര്‍ഗൂസന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കൊല്‍ക്കത്ത കളിയിലേക്ക് തിരിച്ചെത്തി. 18 പന്തില്‍ 21 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 

പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബിക്ക് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 69ല്‍ നില്‍ക്കെ ഒന്‍പത് റണ്‍സെടുത്ത ശ്രീകര്‍ ഭരതിനെ നരെയ്ന്‍ ഫെര്‍ഗൂസന്റെ കൈകളില്‍ എത്തിച്ച് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ കോഹ്‌ലിയെ ക്ലീന്‍ ബൗള്‍ഡാക്കി നരെയ്ന്‍ ബാംഗ്ലൂരിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. 

33 പന്തുകള്‍ നേരിട്ട് ഒരറ്റത്ത് പിടിച്ചു നിന്ന കോഹ്‌ലി 39 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറുകളും ക്യാപ്റ്റന്റെ ബാറ്റില്‍ നന്ന് പിറന്നു. 

ഗ്ലെന്‍ മാക്‌സ്‌വെല്‍ (18 പന്തില്‍ 15), എബി ഡിവില്ല്യേഴ്‌സ് (ഒന്‍പത് പന്തില്‍ 11) എന്നിവരേയും നരെയ്ന്‍ തന്നെ മടക്കിയതോടെ ബംഗ്ലൂരിന്റെ മികച്ച സ്‌കോര്‍ നേടാനുള്ള ലക്ഷ്യത്തിന് തിരിച്ചടി നേരിട്ടു. 

13 റണ്‍സെടുത്ത ഷഹബാസ് അഹമ്മദിനെ ലോക്കി ഫെര്‍ഗൂസന്‍ പവലിയനിലേക്ക് മടക്കിയപ്പോള്‍ പിന്നാലെ എത്തിയ ഡാന്‍ ക്രിസ്റ്റ്യന്‍ ഒന്‍പത് റണ്‍സുമായി റണ്ണൗട്ടായി മടങ്ങി. ഹര്‍ഷല്‍ പട്ടേല്‍ എട്ട് റണ്‍സുമായി ജോര്‍ജ് ഗാര്‍ടന്‍ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. 

കൊല്‍ക്കത്തയ്ക്കായി നരെയ്ന്‍ നാലോവറില്‍ 21 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഫെര്‍ഗൂസന്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com