‘പന്ത് തരു, ഞാൻ എറിയാം‘- ബുമ്റ ചോദിച്ചു വാങ്ങിയ സ്പെൽ കളിയുടെ ​ഗതി തിരിച്ചു; വെളിപ്പെടുത്തി കോഹ്‌ലി (വീഡിയോ)

‘പന്ത് തരു, ഞാൻ എറിയാം‘- ബുമ്റ ചോദിച്ചു വാങ്ങിയ സ്പെൽ കളിയുടെ ​ഗതി തിരിച്ചു; വെളിപ്പെടുത്തി കോഹ്‌ലി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ഓവലിൽ ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ വിജയം അവിസ്മരണീയമെന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. ഒന്നാം ഇന്നിങ്സിൽ ചെറിയ സ്കോറിൽ പുറത്തായിട്ടും ഇന്ത്യ മത്സരത്തിലേക്ക് ഉജ്ജ്വലമായി തിരിച്ചെത്തിയാണ് കണക്ക് തീർത്തത്. ഇന്ത്യ 2-1ന് മുന്നിലെത്തുകയും പരമ്പര അടിയറവ് വയ്ക്കില്ലെന്ന് ഉറപ്പിയ്ക്കുകയും ചെയ്തു. അര നൂറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഓവലിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 

വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസെന്ന നിലയിൽ നാലാം ദിനം കളംവിട്ട ഇം​ഗ്ലണ്ട് അഞ്ചാം ദിനത്തിൽ തകർന്നടിയുന്ന കാഴ്ചയായിരുന്നു ഓവലിൽ. ജസ്പ്രിത് ബുമ്റയടക്കമുള്ള ഇന്ത്യൻ ബൗളർമാർ ഇം​ഗ്ലണ്ടിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇപ്പോഴിതാ മത്സരത്തിലെ ഒരു ശ്രദ്ധേയ കാര്യം ചൂണ്ടിക്കാട്ടുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി.

പന്ത് ചോദിച്ചു വാങ്ങി ഇം​ഗ്ലണ്ടിനെ എറിഞ്ഞ് തുരത്തിയ ബുമ്റയുടെ ആവേശത്തെക്കുറിച്ചാണ് ക്യാപ്റ്റൻ പറയുന്നത്. ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 22 ഓവറിൽ ഒൻപത് മെയ്ഡൻ അടക്കം 27 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ബുമ്റയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ ഒലീ പോപ്പ്, ജോണി ബെയർസ്റ്റോ എന്നിവരെ നിലയുറപ്പിക്കും മുൻപേ ബുമ്റ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

‘മത്സരത്തിനിടെ പന്തിന് റിവേഴ്സ് സ്വിങ് ലഭിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ബുമ്റ എന്റെ അടുത്തുവന്ന് ബൗളിങ് ചോദിച്ചു വാങ്ങി. അവസാന ദിനത്തിലെ രണ്ടാം സെഷനിൽ അദ്ദേഹം ചോദിച്ചു വാങ്ങി എറിഞ്ഞ സ്പെല്ലാണ് മത്സരം നമുക്ക് അനുകൂലമാക്കിയത്. നിർണായകമായ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇത്തരമൊരു പിച്ചിൽ 22 ഓവറിൽ 27 റൺസ് മാത്രം വഴങ്ങുന്നതിന് എന്തുമാത്രം അധ്വാനം വേണ്ടിവരുമെന്ന് അറിയാമല്ലോ’. 

‘ഈ ടെസ്റ്റിൽ ടീം പുലർത്തിയ മനോഭാവം അഭിനന്ദനീയമാണ്. ഒന്നാം ഇന്നിങ്സിൽ 100 റൺസിന്റെ ലീഡ് വഴങ്ങേണ്ടി വന്നിട്ടും തിരിച്ചടിക്കാനും തിരിച്ചുവരാനും വിജയം നേടാനും ടീമിനു കഴിഞ്ഞു. മുൻപ് ലോർഡ്സിൽ പറഞ്ഞതു തന്നെ ഞാൻ ആവർത്തിക്കുന്നു. ഈ ടീമിന്റെ ശൈലി എന്നെ സന്തോഷവാനാക്കുന്നു. ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ ഞാൻ കണ്ട ഏറ്റവും മികച്ച മൂന്ന് ബോളിങ് പ്രകടനങ്ങളിൽ ഒന്നാണിത്’.

‘തികച്ചും ഫ്ലാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വിക്കറ്റാണ് ഓവലിലേത്. ആദ്യ മൂന്ന് ദിവസത്തെയത്ര പോലും നനവ് ഫീൽഡിൽ ഉണ്ടായിരുന്നില്ല. ഇവിടെ റിവേഴ്സ് സ്വിങ് ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ബൗളർമാർക്ക് സാധിച്ചു. 10 വിക്കറ്റും നേടാനാകുമെന്ന് ടീമെന്ന നിലയിൽ ഞങ്ങൾ വിശ്വസിച്ചു’ – കോഹ്‌ലി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com