'പരമ്പരയേയും ടെസ്റ്റ് ക്രിക്കറ്റിനേയും ഇന്ത്യ ബഹുമാനിച്ചില്ല'; വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ താരം

ഇന്ത്യ പരമ്പരയെയോ ടെസ്റ്റ് ക്രിക്കറ്റിനേയോ ബഹുമാനിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം പോള്‍ ന്യൂമാന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യ പരമ്പരയെയോ ടെസ്റ്റ് ക്രിക്കറ്റിനേയോ ബഹുമാനിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം പോള്‍ ന്യൂമാന്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറാന്‍ കാരണം ഐപിഎല്‍ ആണെന്ന ആരോപണമാണ് പോള്‍ ന്യൂമാനും ഉന്നയിക്കുന്നത്. 

ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങള്‍ക്കും ബുധനാഴ്ച യുഎഇയിലേക്ക് പറക്കണം എന്നിരിക്കെ പരമ്പര ജയം നിര്‍ണയിക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം രാവിലെ മത്സരം ഉപേക്ഷിക്കാന്‍ കാരണമില്ല. ഐപിഎല്‍ കരാറുള്ള ഒരു താരവും ഈ ടെസ്റ്റ് കളിക്കുന്നതിലൂടെയുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ആഗ്രഹിച്ചില്ല. കോവിഡ് പോസിറ്റീവായാല്‍ വീണ്ടും 10 ദിവസം കൂടി ഇംഗ്ലണ്ടില്‍ കഴിയണം. ഇതിലൂടെ സെപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവും, ന്യൂമാന്‍ പറഞ്ഞു. 

യോഗേഷ് പര്‍മാറിന്റെ ഫലം പോസിറ്റീവായതോടെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോവാനാണ് ഇന്ത്യന്‍ കളിക്കാര്‍ ആഗ്രഹിച്ചത്. അവരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടും അതില്‍ മാറ്റമുണ്ടായില്ല. കോവിഡ് പരിശോധനാ ഫലം വന്നതിന് ശേഷവും അവര്‍ കളിക്കാതിരുന്നതിന് വേറെ കാരണമില്ല. 

കോവിഡ് ഫലം നെഗറ്റീവായാല്‍ കളിക്കാം എന്ന മാനദണ്ഡങ്ങളാണ് ഈ കാലത്ത് നമ്മള്‍ പിന്തുടരുന്നത്. അതിന് ഇപ്പോള്‍ എങ്ങനെ മാറ്റം വന്നു? ഇന്ത്യയുടെ പിന്മാറ്റത്തോടെ ഈ പരമ്പരയെ അവര്‍ ബഹുമാനിക്കുന്നില്ല എന്നാണ് വ്യക്തമാവുന്നത്. നാലാം ടെസ്റ്റിന് മുന്‍പ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിനേയും അവര്‍ ബഹുമാനിക്കുന്നില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. 

ലണ്ടനിലെ ഹോട്ടലില്‍ വെച്ച് നടന്ന പുസ്തക പ്രകാശനമാണ് ഈ കോവിഡ് വ്യാപനത്തിന് കാരണമായത്. ഓവല്‍ ടെസ്റ്റിന് രണ്ട് ദിവസം മാത്രം മുന്‍പ് 150 പേരോളമാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. കഴിഞ്ഞ 18 മാസമായി മത്സരങ്ങള്‍ ട്രാക്കിലാക്കാന്‍ ശ്രമിക്കുന്ന ഇസിബിയെ പ്രകോപിപ്പിക്കുന്നതാണ് ഈ നീക്കങ്ങളെന്നും ന്യൂമാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com