മുന്നോട്ട് പോക്ക് ദുഷ്‌കരമാവുമെന്ന് ഓര്‍മിപ്പിച്ച് ബയേണ്‍; മെസി പോയതിന് ശേഷമുള്ള ആദ്യ തോല്‍വി രുചിച്ച് ബാഴ്‌സ

ചാമ്പ്യന്‍സ് ലീഗിലെ മുന്നോട്ട് പോക്ക് പ്രയാസമാവുമെന്ന വലിയ മുന്നറിയിപ്പും ഇവിടെ ബാഴ്‌സയ്ക്ക് ബയേണ്‍ നല്‍കി
ഫോട്ടോ/എഫ്‌സി ബയേണ്‍, ട്വിറ്റർ
ഫോട്ടോ/എഫ്‌സി ബയേണ്‍, ട്വിറ്റർ

നൗകാമ്പ്: മെസി ഇല്ലാതെയുള്ള മുന്നോട്ട് പോക്ക് എത്രമാത്രം ദുഷ്‌കരമാവുമെന്ന് ബാഴ്‌സയെ ഓര്‍മിപ്പിച്ച് ബയേണ്‍. മെസി നൗകാമ്പ് വിട്ടതിന് ശേഷമുള്ള ആദ്യ തോല്‍വിയാണ് ബാഴ്‌സ ഇവിടെ രുചിച്ചത്. ചാമ്പ്യന്‍സ് ലീഗിലെ മുന്നോട്ട് പോക്ക് പ്രയാസമാവുമെന്ന വലിയ മുന്നറിയിപ്പും ഇവിടെ ബാഴ്‌സയ്ക്ക് ബയേണ്‍ നല്‍കി. 

എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയെ ബയേണ്‍ തകര്‍ത്തത്. 34ാം മിനിറ്റില്‍ തോമസ് മുള്ളറാണ് ബയേണിനായി ആദ്യം ഗോള്‍ വല കുലുക്കിയത്. പിന്നാലെ ലെവന്‍ഡോസ്‌കിയുടെ ഇരട്ട പ്രഹരം എത്തി. 56, 85 മിനിറ്റുകളിലാണ് ലെവന്‍ഡോസ്‌കി ബയേണിന്റെ ലീഡ് ഉയര്‍ത്തിയത്. റിബൗണ്ട് പിടിച്ചെടുത്തായിരുന്നു രണ്ട് വട്ടവും ലെവന്‍ഡോസ്‌കിയുടെ ഗോള്‍.

2020ല്‍ ബയേണിന്റെ കൈകളില്‍ നിന്ന് ഏറ്റുവാങ്ങിയ നാണക്കേട് പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു ബാഴ്‌സയുടെ കളി. അന്ന് 8-2നാണ് ബാഴ്‌സ തകര്‍ന്നടിഞ്ഞത്. ഇത് മനസില്‍ വെച്ച് ബാഴ്‌സ തങ്ങളുടെ പ്രതിരോധ കോട്ട കാക്കാന്‍ മത്സരത്തില്‍ ഉടനീളം പിന്‍വലിഞ്ഞു കളിച്ചു.

മെംഫിസ്, ലൂക്ക് ഡെ ജോങ് എന്നിവരാണ് ബാഴ്‌സയുടെ മുന്നേറ്റത്തില്‍ നിരന്നത്. എന്നാല്‍ ഇരുവര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ പാകത്തില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് നല്‍കാന്‍ സഹതാരങ്ങള്‍ക്കായില്ല. ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും എത്താതെയാണ് ബാഴ്‌സ കളി അവസാനിപ്പിച്ചത്. 
 
പ്രതിരോധത്തില്‍ ഊന്നി ഉള്ളിലേക്ക് വലിഞ്ഞ് ബാഴ്‌സ താരങ്ങള്‍ നിലയുറപ്പിച്ചപ്പോള്‍ ബോക്‌സിന് പുറത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നതോടെയാണ് ഷോട്ട് ഉതിര്‍ക്കാന്‍ മുള്ളര്‍ക്ക് കഴിഞ്ഞു. ഇവിടെ ഗാര്‍സിയയുടെ ദേഹത്ത് തട്ടി ഡിഫഌക്ഷന്‍ വന്നതോടെ ഗോള്‍ വലയിലേക്ക്.

മെസി പോയതിന് ശേഷം രണ്ട് ജയവും ഒരു സമനിലയുമാണ് ബാഴ്‌സയുടെ അക്കൗണ്ടിലുള്ളത്. എന്നാലത് സ്പാനിഷ് ലീഗിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്. ബയേണ്‍ ആവട്ടെ ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തിന് പുറത്ത് ഇത് അവരുടെ തുടരെയുള്ള 19ാം ജയമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com