മുംബൈയെ തകർത്ത് ചെന്നൈ; പോയന്റ് പട്ടികയിൽ ഒന്നാമതെത്തി ധോനിപ്പട 

157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത 20 ഓവറിൽ 136 റൺസ് എടുക്കാനേ സാധിച്ചുള്ളു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐപിഎൽ പതിനാലാം സീസൺ രണ്ടാം ഭാ​ഗത്തിന് തിരികൊളുത്തിയ ചെന്നൈ-മുംബൈ പോരാട്ടത്തിൽ ജയം ധോനിപ്പടയ്ക്കൊപ്പം. മുംബൈ ഇന്ത്യൻസിനെ 20 റൺസിന് പരാജയപ്പെടുത്തി ചെന്നൈ വരവറിയിച്ചു. ചെ‌ന്നൈ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത 20 ഓവറിൽ 136 റൺസ് എടുക്കാനേ സാധിച്ചുള്ളു. 

20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 156 റൺസ് നേടിയത്. എന്നാൽ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ 56 റൺസ് ചേർക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകൾ പൊഴിഞ്ഞു. 40 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്ന സൗരബ് തിവാരിയാണ് മുംബൈ നിരയിൽ ടോപ് സ്‌കോറർ. എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 136 റൺസ് നേടാനെ രോഹിത് ശർമ്മയ്ക്കും കൂട്ടർക്കുമായൊള്ളു. ചെന്നൈ ബൗളർമാരിൽ ബ്രാവോ മൂന്നും ദീപക്ക് ചഹാർ രണ്ട് വിക്കറ്റും വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഉജ്ജ്വല ബാറ്റിങുമായി ഓപ്പണർ റുതുരാജ് ഗെയ്ക്‌വാദ് കളം നിറഞ്ഞു. 58 പന്തുകൾ നേരിട്ട താരം 88 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറുകളും നാല് സിക്‌സുകളും സഹിതമാണ് റുതുരാജിന്റെ ബാറ്റിങ്. ജഡേജ 33 പന്തുകൾ നേരിട്ട് 26 റൺസെടുത്ത് പുറത്തായി. ബ്രാവോ എട്ട് പന്തുകൾ നേരിട്ട് മൂന്ന് സിക്‌സുകൾ സഹിതം 23 റൺസാണ് അടിച്ചെടുത്തത്. 

ജയത്തോടെ 12 പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായി. എട്ട് പോയന്റുള്ള മുംബൈ നാലാമതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com