വീണ്ടും ഞെട്ടിച്ച് കോഹ്‌ലി; ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നു (വീഡിയോ)

വീണ്ടും ഞെട്ടിച്ച് കോഹ്‌ലി; ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നു (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ടി20 ലോകകപ്പോടെ മാറുമെന്ന് വിരാട് കോഹ്‌ലി പ്രഖ്യാപിച്ചത്. ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. പിന്നാലെ ഇപ്പോഴിതാ മറ്റൊരു അമ്പരപ്പിക്കുന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് കോഹ്‌ലി. 

ഐപിഎല്‍ രണ്ടാം ഘട്ട പോരാട്ടത്തിന് യുഎഇയില്‍ ഇന്നലെ തുടക്കമായതിന് പിന്നാലെയാണ് കോഹ്‌ലി ആരാധകരെ തീരുമാനം അറിയിച്ചത്. ഈ സീസണിലെ ഐപിഎല്‍ പോരാട്ടത്തിന് തിരശ്ശീല വീണാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനവും താന്‍ ഒഴിയുമെന്നാണ് കോഹ്‌ലിയുടെ പ്രഖ്യാപനം. 

'ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ ഇതായിരിക്കും എന്റെ അവസാന ഐപിഎല്‍. പക്ഷേ, ഐപിഎലിലെ എന്റെ അവസാന മത്സരം വരെ ആര്‍സിബി കളിക്കാരനായി തുടരും. എന്നില്‍ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത ആര്‍സിബി ആരാധകര്‍ക്ക് നന്ദി'- ആര്‍സിബി ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട വീഡിയോയില്‍ കോഹ്‌ലി പറയുന്നു. 

'ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ടീമംഗങ്ങളുമായി ഞാന്‍ സംസാരിച്ചിരുന്നു. അടുത്തിടെ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതു മുതല്‍ ഇക്കാര്യവും എന്റെ മനസ്സിലുണ്ടായിരുന്നു. ജോലി ഭാരം തന്നെയാണ് ഇവിടെയും പ്രശ്‌നം. ക്രിക്കറ്റ് കരിയറിലെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് കൃത്യമായ ധാരണ വേണമെന്നാണ് എന്റെ തീരുമാനം. ആര്‍സിബിക്കു വേണ്ടിയല്ലാതെ ഐപിഎലില്‍ മറ്റൊരു ടീമിനായി കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന് ഞാന്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്'.

'ആര്‍സിബി നിരയില്‍ ഒരുകൂട്ടം പ്രതിഭാധനരായ താരങ്ങളെ നയിച്ചുകൊണ്ട് വളരെ മഹത്തരവും പ്രചോദനമാത്മകവുമായ യാത്രയായിരുന്നു ഇത്. ആര്‍സിബി മാനേജ്‌മെന്റിനെയും പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെയും കളിക്കാരേയും ആര്‍സിബി കുടുംബം മുഴുവനേയും ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. വര്‍ഷങ്ങളായുള്ള ആര്‍സിബിയുടെ വളര്‍ച്ചയില്‍ ഇവര്‍ക്കെല്ലാം വ്യക്തമായ പങ്കുണ്ട്.'

'ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഏറെ ആലോചിച്ചുതന്നെ കൈക്കൊണ്ടതാണ്. ഈ ടീമിന്റെ നന്മ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് യാത്രയിലെ ചെറിയൊരു ഇടത്താവളം മാത്രമാണ് ഇത്. അല്ലാതെ യാത്രയുടെ അവസാനമൊന്നുമല്ല. ഈ യാത്ര ഇനിയും തുടരും'- കോഹ്‌ലി വ്യക്തമാക്കി. 

2008ല്‍ പ്രഥമ ഐപിഎല്‍ മുതല്‍ ആര്‍സിബി ടീമിന്റെ ഭാഗമാണ് കോഹ്‌ലി. 2013ല്‍ ന്യൂസിലന്‍ഡ് താരം ഡാനിയേല്‍ വെട്ടോറിയില്‍ നിന്നാണു കോഹ്‌ലി ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഒരിക്കല്‍പ്പോലും ഐപിഎല്‍ കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും കോഹ്‌ലിയുടെ ബ്രാന്‍ഡ് വാല്യു വളരെ ഉയര്‍ന്നതായതിനാല്‍ താരത്തെ മാറ്റാന്‍ ആര്‍സിബി മാനേജ്‌മെന്റ് ഇതുവരെ ആലോചിച്ചിട്ടുമില്ല. ഐപിഎല്ലില്‍ ഇതിനകം 199 മത്സരങ്ങളാണ് ആര്‍സിബി ജഴ്‌സിയില്‍ കോഹ്‌ലി കളിച്ചത്. ആകെ നേടിയത് അഞ്ച് സെഞ്ച്വറികള്‍ സഹിതം 6076 റണ്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com