ഒന്നാം സ്ഥാനം പിടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് ഇറങ്ങും; ജീവന്‍ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും
പൃഥ്വി ഷായും ധവാനും ബാറ്റിങിനിടെ/ ട്വിറ്റർ
പൃഥ്വി ഷായും ധവാനും ബാറ്റിങിനിടെ/ ട്വിറ്റർ

ദുബായ്: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം. ഹൈദരാബാദ് ആവട്ടെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്. 

ശ്രേയസ് അയ്യര്‍ ടീമിലേക്ക് മടങ്ങി എത്തിയിട്ടും നായക സ്ഥാനത്ത് ഋഷഭ് പന്തുമായി മുന്‍പോട്ട് പോകാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചത്. ശ്രേയസിന്റെ അഭാവത്തില്‍ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാന്‍ പന്തിന് കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം. 

ഏഴ് കളിയില്‍ നിന്ന് ഒരു ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്. യുഎഇയിലേക്ക് എത്തുമ്പോള്‍ ബെയര്‍സ്‌റ്റോയുടെ പിന്മാറ്റവും ഹൈദരാബാദിന് വലിയ തിരിച്ചടിയാവുന്നു. ഈ സീസണില്‍ 248 റണ്‍സോടെ ഹൈദരാബാദിന്റെ ടോപ് സ്‌കോററായിരുന്നു ബെയര്‍സ്‌റ്റോ. 

ഷെര്‍ഫാനെ റുതര്‍ഫോര്‍ഡിനെയാണ് ബെയര്‍സ്‌റ്റോയിന് പകരം ഹൈദരാബാദ് ടീമില്‍ എത്തിച്ചിരിക്കുന്നത്. ബൗളിങ്ങിലേക്ക് എത്തുമ്പോള്‍ റാഷിദ് ഖാനില്‍ തന്നെയാണ് ഹൈദരാഹാദിന്റെ പ്രധാന പ്രതീക്ഷകള്‍. ഭുവി ഫോം വീണ്ടെടുക്കുന്നു എന്നതും ഹൈദരാബാദിന് പ്രതീക്ഷയേകുന്നു. 

സീസണിന്റെ തുടക്കത്തില്‍ നായക സ്ഥാനം നഷ്ടപ്പെടുകയും പ്ലേയിങ് ഇലവനില്‍ പോലും സ്ഥാനമില്ലാതെ വരികയും ചെയ്ത ഡേവിഡ് വാര്‍ണര്‍ യുഎഇയില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിനും ഉത്തരമാവും. സന്തുലിതമായ ടീമുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് എത്തുന്നത്. ഇവിടെ ജയ സാധ്യത കൂടുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com