ഡല്‍ഹി ക്യാപിറ്റല്‍സിലെ നാല് പേര്‍ക്ക് കോവിഡ്; മിച്ചല്‍ മാര്‍ഷിനെ ആശുപത്രിയിലേക്ക് മാറ്റി; നാളത്തെ മത്സരത്തില്‍ അനിശ്ചിതത്വം

നേരിയ പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് മാര്‍ഷിനുണ്ടായത്.  ആദ്യം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, സപ്പോര്‍ട്ട് സ്റ്റാഫിലെ രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫിസിയോ പാട്രിക്കിന് നേരക്കെ കോവിഡ് പോസിറ്റീവായിരുന്നു. 

കോവിഡ് പോസിറ്റീവായതോടെ മിച്ചല്‍ മാര്‍ഷിനെ ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹി ക്യാംപില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ച നടക്കേണ്ട ഡല്‍ഹി-പഞ്ചാബ് മത്സരം അനിശ്ചിതത്വത്തിലായി. 

നേരിയ പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് മാര്‍ഷിനുണ്ടായത്.  ആദ്യം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നു. എന്നാല്‍ വൈകുന്നേരത്തോടെ വന്ന മാര്‍ഷ് ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി.

സ്‌ക്വാഡില്‍ 12 കളിക്കാര്‍ ലഭ്യമാണെങ്കില്‍ മത്സരം മാറ്റിവെക്കില്ല

മിച്ചല്‍ മാര്‍ഷിന്റെ ആരോഗ്യ നില മെഡിക്കല്‍ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ക്യാംപില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയുടെ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും റൂം ക്വാറന്റൈനിലാണ്. ചൊവ്വാഴ്ച രാവിലെയോടെ വരുന്ന പരിശോധനാ ഫലത്തില്‍ കൂടുതല്‍ പേര്‍ക്ക് പോസിറ്റീവ് ഫലം വന്നാല്‍ പഞ്ചാബിന് എതിരായ മത്സരം മാറ്റി വെക്കേണ്ടതായി വരും. 

സ്‌ക്വാഡില്‍ 7 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ ലഭ്യമാണ് എങ്കില്‍ മത്സരം മാറ്റേണ്ടതില്ല എന്നാണ് ഐപിഎല്‍ ചട്ടം. 12 കളിക്കാര്‍ ലഭ്യമല്ലെങ്കില്‍ ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മറ്റി മത്സരം മാറ്റി വെക്കണമോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം എടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com