ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ മാസ് ത്രില്ലർ! കാഴ്ചക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡുമായി ഇന്ത്യ- പാക് പോരാട്ടം 

ഇന്ത്യ- പാക് പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഹോട്സ്റ്റാറിലൂടെ മത്സരം കാണാന്‍ ആരാധകരുടെ ഒഴുക്കായിരുന്നു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം മാസ് ത്രില്ലറായിരുന്നു. പിന്നാലെ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോര്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഹോട്സ്റ്റാറിലൂടെ തത്സമയം കണ്ടത് 1.3 കോടി ആളുകളായിരുന്നു. 

ഇന്ത്യാ- പാക് പോരാട്ട ചരിത്രത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരമെന്ന റെക്കോര്‍ഡാണ് മത്സരം സ്വന്തമാക്കിയത്. ഹോട്സ്റ്റാറിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ട രാജ്യാന്തര ക്രിക്കറ്റ് മത്സരമായും പോരാട്ടം മാറി. 

അതേസമയം ഹോട്സ്റ്റാറിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ട ക്രിക്കറ്റ് മത്സരം ഇതല്ല. 2019ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനാണ് ആ നേട്ടം. അന്ന് 1.8 കോടി പേരാണ് ഫൈനല്‍ മത്സരം ഹോട് സ്റ്റാറിലൂടെ കണ്ടത്.

ഇന്ത്യ- പാക് പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഹോട്സ്റ്റാറിലൂടെ മത്സരം കാണാന്‍ ആരാധകരുടെ ഒഴുക്കായിരുന്നു. പാക് ഇന്നിങ്സിലെ നാലാം ഓവറില്‍ തന്നെ കാഴ്ചക്കാരുടെ എണ്ണം 84 ലക്ഷമായി. 14ാം ഓവറില്‍ മുഹമ്മദ് റിസ്വാനെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇത് 87 ലക്ഷമായി ഉയര്‍ന്നു. ഇന്ത്യയുടെ ബൗളിങ് സമയത്ത് 95 ലക്ഷം വരെയായിരുന്നു കാഴ്ചക്കാര്‍.

ഇന്ത്യൻ ബാറ്റിങിന്റെ മൂന്നാം ഓവറില്‍ കാഴ്ചക്കാരുടെ എണ്ണം 97 ലക്ഷമായി. വിരാട് കോഹ്‌ലിയുടെ സിക്സ് വന്നതോടെ ഇത് 99 ലക്ഷമായി ഉയര്‍ന്നു. കോഹ്‌ലി- രോഹിത് കൂട്ടുകെട്ട് ക്രീസിൽ നിൽക്കുമ്പോൾ കാഴ്ചക്കാരുടെ എണ്ണം ഒരു കോടി പിന്നിട്ടു. 17ാം ഓവറാകുമ്പോഴേക്കും 1.2 കോടിയായി. ആവേശപ്പോരിന്‍റെ  അവസാന ഓവറുകളിൽ കാഴ്ചക്കാരുടെ എണ്ണം 1.3 കോടിയായി ഉയര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com