കലാശപ്പോരില്‍ കളി നിയന്ത്രിക്കാന്‍ മാഴ്‌സിനിയാക്ക്; ആള് കുഴപ്പക്കാരനല്ല

പോളണ്ടിന്റെ ഷിമന്‍ മാഴ്‌സിനിയാക്ക് ആണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: റഫറിമാരുടെ തീരുമാനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നൊരു ലോകകപ്പാണ് ഖത്തറിലേത്. കലാശപ്പോരിലേക്ക് വരുമ്പോള്‍ സമ്മര്‍ദം പതിന്മടങ്ങാവും. അര്‍ജന്റീനയും ഫ്രാന്‍സും കിരീടത്തിനായി ഏറ്റുമുട്ടുമ്പോള്‍ തീപാറും പോരാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പോര് മുറുകുന്ന ഫൈനലില്‍ കളി നിയന്ത്രിക്കാന്‍ എത്തുന്നത് പോളിഷ് റഫറി. 

പോളണ്ടിന്റെ ഷിമന്‍ മാഴ്‌സിനിയാക്ക് ആണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത്. ഖത്തറില്‍ ഇതുവരെ വിവാദ തീരുമാനങ്ങളൊന്നും മാഴ്‌സിനിക്കിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ രണ്ട് മത്സരങ്ങളാണ് മാഴ്‌സിനിക്ക് ഇതുവരെ നിയന്ത്രിച്ചത്. അര്‍ജന്റീന-ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടര്‍ മത്സരവും ഗ്രൂപ്പ് ഘട്ടത്തിലെ ഫ്രാന്‍സ്-ഡെന്മാര്‍ക്ക് മത്സരവും. 

ലോകകപ്പ് ഫൈനലില്‍ റഫറിയാവുന്ന ആദ്യ പോളണ്ട് താരമാണ് 41കാരനായ മാഴ്‌സിനിക്ക്. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയും ഇന്ററും 3-3ന് സമനില പിടിച്ച ത്രില്ലര്‍ പോരില്‍ കളി നിയന്ത്രിച്ചത് മാഴ്‌സിനിക്ക് ആണ്. 2018ലെ ലോകകപ്പില്‍ ജര്‍മനിയുടെ ജെറോം ബോടെങ്ങിന് നേരെ ചുവപ്പുകാര്‍ഡ് വീശിയതും മാഴ്‌സെനിക്ക് ആയിരുന്നു. പോളണ്ടിന്റെ ടോപ് ലീഗിലൂടെ 2009ലാണ് മാഴ്‌സിനിയാക്ക് കരിയര്‍ ആരംഭിക്കുന്നത്. 2013ല്‍ ഫിഫയുടെ റഫറിയിങ് പാനലില്‍ ഇടംപിടിച്ചു. 

ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ അര്‍ജന്റീനയുടെ മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മത്തേയുവിനെതിരെ തുറന്നടിച്ച് മെസി തന്നെ രംഗത്തെത്തിയിരുന്നു. 16 കളിക്കാര്‍ക്കും രണ്ട് പരിശീലകര്‍ക്കും നേരെയാണ് കളിയില്‍ അന്റോണിയോ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയത്. 

സെമിയില്‍ അര്‍ജന്റീനക്കെതിരെ ക്രൊയേഷ്യയുടെ കളി നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റിനെതിരെ മോഡ്രിച്ചും എത്തിയിരുന്നു. അര്‍ഹതയില്ലാതിരുന്നിട്ടും അര്‍ജന്റീനക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചതായാണ് മോഡ്രിച്ച് ആരോപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com