മൂന്നാം കിരീടം ആര്‍ക്ക്? നേട്ടങ്ങളുടെ കൊടുമുടി കയറാന്‍ എംബാപ്പെയും ദെഷാംപ്‌സും

ചരിത്ര നേട്ടങ്ങളാണ് കിരീടം ചൂടിയാല്‍ എംബാപ്പയെയും കോച്ച് ദെഷാംപ്‌സിനേയും കാത്തിരിക്കുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ:  മൂന്നാം ലോക കിരീടം ലക്ഷ്യമിട്ട് അര്‍ജന്റീനയും ഫ്രാന്‍സും ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ തീപാറും പോര് പ്രതീക്ഷിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഇവിടെ അര്‍ജന്റീന ഫ്രാന്‍സിന് മുന്‍പില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ ചരിത്ര നേട്ടങ്ങളാണ് കിരീടം ചൂടിയാല്‍ എംബാപ്പയെയും കോച്ച് ദെഷാംപ്‌സിനേയും കാത്തിരിക്കുന്നത്. 

പെലെയ്ക്ക് ശേഷം രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് എംബാപ്പെയ്ക്ക് മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. 21ാം വയസിലാണ് രണ്ട് ലോക കിരീടങ്ങള്‍ പെലെയുടെ കൈകളിലേക്ക് വന്നത്. എംബാപ്പെയ്ക്ക് ഇപ്പോള്‍ പ്രായം 23. 

1938ന് ശേഷം രണ്ട് ലോക കിരീട നേട്ടങ്ങളിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ പരിശീലകനായും ലുസൈലില്‍ ജയിച്ചു കയറിയാല്‍ ദെഷാംപ്‌സ് മാറും. 1934, 1938 ലോകകപ്പുകളില്‍ ഇറ്റലിയുടെ പരിശീലകനായ വിറ്റോറിയോ പൊസോയാണ് ഈ നേട്ടത്തിലേക്ക് ആദ്യം എത്തിയത്. 

ഏഴ് ടൂര്‍ണമെന്റുകളിലായി ഫ്രാന്‍സിന്റെ നാലാമത്തെ ഫൈനല്‍ 

ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തി ഞാന്‍ അല്ല. ഫ്രഞ്ച് ടീമിനാണ് ഇവിടെ പ്രാധാന്യം എന്നാണ് ദേഷാംപ്‌സ് പറയുന്നത്. മൂന്നാം കിരീടമാണ് ദെഷാംപ്‌സും ഖത്തറില്‍ ലക്ഷ്യം വെക്കുന്നത്. 1998ല്‍ കിരീടം ഉയര്‍ത്തുമ്പോള്‍ ഫ്രഞ്ച് കുപ്പായത്തില്‍ ദെഷാംപ്‌സും ഉണ്ടായിരുന്നു. 

2006 ലോകകപ്പ് ഫൈനല്‍ ഉള്‍പ്പെടെ കഴിഞ്ഞ ഏഴ് ടൂര്‍ണമെന്റുകളിലായി തങ്ങളുടെ നാലാമത്തെ ഫൈനലാണ് ഫ്രാന്‍സ് കളിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷം എടുത്ത് നോക്കുമ്പോള്‍ ലോകത്തിലെ മുന്‍നിര ഫുട്‌ബോള്‍ ശക്തിയാണ് ഫ്രാന്‍സ് നിലനില്‍ക്കുന്നതായാണ് മൊറോക്കന്‍ പരിശീലകന്‍ റെഗ്‌റാറി സെമിക്ക് പിന്നാലെ പറഞ്ഞത്. 

2018ല്‍ അര്‍ജന്റീനയെ തകര്‍ത്ത ഓര്‍മയില്‍ എംബാപ്പെ 

2018ലെ റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ 4-3ന് തകര്‍ത്ത കളിയില്‍ ഇരട്ട ഗോള്‍ നേടിയാണ് എംബാപ്പെ വരവറിയിച്ചത്. അന്ന് സംഭവിച്ചത് പോലൊന്നിലേക്ക് പോരാട്ടം വന്നാല്‍ ലുസൈലിലേത് സ്വപ്ന ഫൈനലാവും. ഖത്തറില്‍ അഞ്ച് ഗോളോടെ മെസിക്കൊപ്പം ഒന്നാമതാണ് എംബാപ്പെ നിലവില്‍. 

2018 ലോകകപ്പില്‍ നാല് ഗോളുകളാണ് എംബാപ്പെയില്‍ നിന്ന് വന്നത്. പരിക്കില്‍ വലഞ്ഞതോടെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോലും കളിക്കാതിരുന്ന പല താരങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഖത്തറില്‍ ഫൈനല്‍ വരെ ഫ്രാന്‍സ് എത്തിയത് എന്നതും കയ്യടി നേടുന്നു. പോഗ്ബയും കാന്റേയും പരിക്കിനെ തുടര്‍ന്ന് ഖത്തറിലേക്ക് എത്തിയില്ല. ലെഫ്റ്റ് ബാക്ക് ലുകാസ് ഹെര്‍നാന്‍ഡസിന് കാല്‍മുട്ടിലെ പരിക്കോടെ സീസണ്‍ നഷ്ടമായി. 

ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ഫ്രഞ്ച് താരങ്ങള്‍ക്കും പരിക്കേറ്റു. സെന്റര്‍ ബാക്ക് കിംപെപെ, ബെന്‍സെമ, എന്‍കുകു എന്നിവര്‍ പുറത്തു പോയി. എന്നാല്‍ 25ല്‍ താഴെ പ്രായമുള്ള സെന്റര്‍ ബാക്ക് കൊനാറ്റെയേയും മുന്നേറ്റനിര താരം റാന്‍ഡലിനേയും ഇറക്കി പുതു തലമുറയിലേക്കുള്ള മാറ്റവും ദെഷാംപ്‌സ് ഇതിനിടയില്‍ നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com