താത്പര്യം പ്രകടിപ്പിച്ച് 2 ഫ്രാഞ്ചൈസികള്‍, എന്നിട്ടും ഐപിഎല്ലിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് ക്രിസ് ഗെയ്ല്‍

ഐപിഎല്‍ താര ലേലത്തിനുള്ള കളിക്കാരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോഴും ക്രിസ് ഗെയ്‌ലിന്റെ പേര് വിട്ടുനിന്നു
ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം
ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തിനുള്ള കളിക്കാരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോഴും ക്രിസ് ഗെയ്‌ലിന്റെ പേര് വിട്ടുനിന്നു. എന്നാല്‍ ഗെയ്‌ലിന്റെ പേര് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രണ്ട് ഫ്രാഞ്ചൈസികള്‍ താത്പര്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

മുന്‍പ് ഗെയ്ല്‍ ഭാഗമായിരുന്ന രണ്ട് ഫ്രാഞ്ചൈസികളാണ് ഗെയ്‌ലില്‍ താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഐപിഎല്‍ താര ലേലത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ തന്നെ ഗെയ്ല്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഗെയ്‌ലിനെ കൂടാതെ ബെന്‍ സ്റ്റോക്ക്‌സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരേയും വീണ്ടും സമീപിച്ചെങ്കിലും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചു. 

142 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ക്രിസ് ഗെയ്ല്‍. നേടിയത് 4965 റണ്‍സും. 175 ആണ് ഗെയ്‌ലിന്റെ ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ് ശരാശരി 39.72. ആറ് സെഞ്ചുറിയും 31 അര്‍ധ ശതകവും ഐപിഎല്ലില്‍ നിന്ന് ക്രിസ് ഗെയ്ല്‍ കണ്ടെത്തി. 

അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് കളിക്കാര്‍

370 ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുന്നത്. 590 കളിക്കാരില്‍ 228 താരങ്ങള്‍ ദേശിയ ടീമിനായി അരങ്ങേറ്റം കുറിച്ചവരും 335 താരങ്ങള്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്തവരുമാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് കളിക്കാരും ലേലത്തിനെത്തുന്നു. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷന്‍ കിഷന്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖ ഇന്ത്യന്‍ കളിക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com