ഇന്ത്യക്ക് ഇന്ന് കിരീടപ്പോര്‌, അഞ്ചാം വട്ടം ചാമ്പ്യനാവാന്‍ ഇംഗ്ലണ്ടിന് എതിരെ

അഞ്ചാം കിരീടം ലക്ഷ്യമിട്ട് അണ്ടര്‍ 19 ലോകകപ്പിലെ കലാശപ്പോരിന് ഇന്ത്യ ഇന്ന് ഇറങ്ങും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആന്റിഗ്വ: അഞ്ചാം കിരീടം ലക്ഷ്യമിട്ട് അണ്ടര്‍ 19 ലോകകപ്പിലെ കലാശപ്പോരിന് ഇന്ത്യ ഇന്ന് ഇറങ്ങും. തുടരെ നാലാം വട്ടം ഫൈനലില്‍ എത്തുന്ന ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്. 

ഇത് എട്ടാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. 2000,2008,2012,2018 വര്‍ഷങ്ങളിലാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ഇംഗ്ലണ്ടിനെതിരേയും മികച്ച റെക്കോര്‍ഡ് ആണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. 49 മത്സരങ്ങളില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 37 തവണയും ജയം പിടിച്ചത് ഇന്ത്യ. 11 തവണയാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. 

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റുമുട്ടിയ കണക്കുകളിലും മുന്‍തൂക്കം ഇന്ത്യക്ക് തന്നെയാണ്. 8 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് തവണയും ജയം പിടിച്ചത് ഇന്ത്യ. രണ്ട് വട്ടമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. 

തോല്‍വി അറിയാതെ ഇന്ത്യയും ഇംഗ്ലണ്ടും

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തുന്നത്. സൗത്ത് ആഫ്രിക്കയെ 45 റണ്‍സിന് തോല്‍പ്പിച്ചു. പിന്നാലെ അയര്‍ലന്‍ഡിന് എതിരെ 174 റണ്‍സ് ജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉഗാണ്ടയെ തകര്‍ത്തത് 326 റണ്‍സിന്. നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ ക്വാര്‍ട്ടറില്‍ തകര്‍ത്ത് സെമിയിലേക്ക്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 96 റണ്‍സിന് വീഴ്ത്തി ഫൈനലില്‍. 

തോല്‍വി അറിയാതെയാണ് ഫൈനലിലേക്ക് ഇംഗ്ലണ്ടും എത്തുന്നത്. ബംഗ്ലാദേശിനെ എതിരെ ഏഴ് വിക്കറ്റ് ജയം. പിന്നാലെ കാനഡയെ 106 റണ്‍സിന് തോല്‍പ്പിച്ചു. യുഎഇയെ 189 റണ്‍സിന് തകര്‍ത്തതോടെ ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ സൗത്ത് ആഫ്രിക്കയെ ആറ് വിക്കറ്റിന് വീഴ്ത്തി. മഴ കളി തടസപ്പെടുത്തിയ സെമിയില്‍ അഫ്ഗാനെ 15 റണ്‍സിന് തോല്‍പ്പിച്ച് ഫൈനലിലേക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com