ലാംഗറുടെ മടക്കം ഹൃദയം തകര്‍ത്തു, ഓസ്‌ട്രേലിയയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കില്ല: ഗില്ലെസ്പി

സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധ പൂര്‍ണമായും നല്‍കുന്നത് എന്നാണ് ഗില്ലെസ്പിയുടെ വാക്കുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഡ്‌ലെയ്ഡ്: ജസ്റ്റിന്‍ ലാംഗറിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താന്‍ താത്പര്യമില്ലെന്ന് ഓസീസ് മുന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പി. ലാംഗറുടെ പടിയിറക്കം ഹൃദയം തകര്‍ത്തു.സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധ പൂര്‍ണമായും നല്‍കുന്നത് എന്നാണ് ഗില്ലെസ്പിയുടെ വാക്കുകള്‍. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലാംഗര്‍ രാജിവെച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്. ഓസീസ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തെ കരാര്‍ അവസാനിക്കുന്നതോടെ കുറച്ച് നാളത്തേക്ക് കരാര്‍ നീട്ടാമെന്ന വാഗ്ദാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍പോട്ട് വെച്ചെങ്കിലും ലാംഗര്‍ അത് തള്ളുകയായിരുന്നു. ഓസീസ് ടീമിലെ സീനിയര്‍ കളിക്കാരും ലാംഗറും തമ്മില്‍ സ്വരച്ചേര്‍ന്ന ഇല്ലായ്മ ഉണ്ടായിരുന്നു. 

2018ലും പരിശീലക സ്ഥാനത്തേക്ക് ഗില്ലെസ്പിയുടെ പേര് 

2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തോടെ ലെഹ് മാന്‍ രാജിവെച്ചതിന് ശേഷം പകരം പരിശീലകനായി ഗില്ലെസ്പി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. എന്നാല്‍ ലാംഗറാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരിശീലകനായത്. ഇപ്പോള്‍ ലാംഗര്‍ പടിയിറങ്ങുമ്പോള്‍ ഗില്ലെപ്‌സിയുടെ പേര് വീണ്ടും ഉയര്‍ന്ന് വരുന്നു. 

സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലേക്കാണ് ഇപ്പോള്‍ ശ്രദ്ധയെല്ലാം

ഒരു ജോലിക്കായും ഞാന്‍ ഇപ്പോള്‍ തയ്യാറല്ല. സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലേക്കാണ് ഇപ്പോള്‍ ശ്രദ്ധയെല്ലാം. ഇവിടെ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഈ ജോലികള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, ഗില്ലെസ്പി പറയുന്നു. 

ലാംഗറുടെ രാജിയെ കുറിച്ചും ഗില്ലെസ്പി പ്രതികരിച്ചു. ഈ സംഭവങ്ങളിലെല്ലാം എല്ലാവരും നിരാശരാണ്. കാര്യങ്ങള്‍ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യണമായിരുന്നു. പിന്നണിയില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അറിയില്ല. ലാംഗര്‍ ഓസീസ് ക്രിക്കറ്റിനായി വലിയ സംഭാവന നല്‍കി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നും ഗില്ലെസ്പി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com