ധവാൻ തിരിച്ചെത്തി; അരങ്ങേറ്റം കാത്ത് രവി ബിഷ്ണോയ്, ആവേശ് ഖാൻ; പരമ്പര തൂത്തുവാരാൻ ഇന്ത്യ

ധവാൻ തിരിച്ചെത്തി; അരങ്ങേറ്റം കാത്ത് രവി ബിഷ്ണോയ്, ആവേശ് ഖാൻ; പരമ്പര തൂത്തുവാരാൻ ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് പരമ്പരയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ആശ്വാസമായി മറ്റൊരു കാര്യം കൂടി. കോവിഡ് ബാധിതനായി ഐസൊലേഷനിൽ കഴിഞ്ഞ ഓപ്പണർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി. ധവാൻ വരുന്നതോടെ ബാറ്റിങ് നിരയ്ക്ക് കരുത്തു കൂടും. മൂന്നാം ഏകദിനവും വിജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച സ്ഥിതിക്ക് ഇന്ത്യ മൂന്നാം മത്സരത്തിൽ ചില പരീക്ഷണങ്ങൾക്കു തുനിയാനും സാധ്യതയുണ്ട്. പരമ്പരയിലെ മൂന്നാം ഏകദിനം നാളെയാണ്. 

ധവാന്റെയും ഒപ്പം കോവിഡ് സ്ഥിരീകരിച്ച ഋതുരാജ് ഗെയ്‌ക്‌വാദിന്റെയും അഭാവത്തിൽ ഒന്നാം ഏകദിനത്തിൽ ഇഷാൻ കിഷനും രണ്ടാം ഏകദിനത്തിൽ ഋഷഭ് പന്തുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ധവാൻ തിരിച്ചെത്തുന്നതോടെ രോഹിത്തിനൊപ്പം അദ്ദേഹം ഓപ്പണറുടെ കുപ്പായമണിയും. ഇക്കാര്യം രണ്ടാം ഏകദിനത്തിനു പിന്നാലെ രോഹിത് ശർമ സ്ഥിരീകരിച്ചിരുന്നു. 

ഉപനായകൻ കെഎൽ രാഹുൽ മധ്യനിരയിൽ തന്നെ തുടരുമെന്ന് ഉറപ്പായി. 71–ാം രാജ്യാന്തര സെഞ്ച്വറിക്കായി ദീർഘനാളായി കാത്തിരിക്കുന്ന മുൻ നായകൻ വിരാട് കോഹ്‌ലിയും മധ്യനിരയ്ക്കു കരുത്തുപകരും. രണ്ടാം ഏകദിനത്തിൽ ടോപ് സ്കോററായ സൂര്യകുമാർ യാദവും ഓപ്പണറുടെ വേഷത്തിൽ നിന്ന് മടങ്ങിയെത്തുന്ന ഋഷഭ് പന്തും മധ്യനിരയുടെ ഭാഗമാകും. 

ഒന്നാം ഏകദിനത്തിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഓൾറൗണ്ടർ ദീപക് ഹൂഡയാകും ധവാനായി വഴിമാറുക. കോവിഡിൽ നിന്ന് മുക്തനായി ശ്രേയസ് അയ്യർ മൂന്നാം ഏകദിനത്തിന് എത്തുമോയെന്ന് വ്യക്തമല്ല. അയ്യർ കൂടിയെത്തിയാൽ ടീമിൽ വീണ്ടും മാറ്റങ്ങൾക്കു സാധ്യതയുണ്ട്.

പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ബോളിങ് നിരയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ കുൽദീപ് യാദവ് കളിക്കാൻ സാധ്യതയേറെയാണ്. യുവ സ്പിന്നർ രവി ബിഷ്ണോയിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്ന ആകാംക്ഷയുമുണ്ട്. വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ എന്നിവരിൽ ഒരാൾ പുറത്തിരിക്കും.

പേസ് ബോളർമാരിൽ മധ്യപ്രദേശ് താരം ആവേശ് ഖാനാണ് അവസരം കാത്തിരിക്കുന്നത്. രണ്ടാം ഏകദിനത്തിൽ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ ടീമിൽ ഇടം നിലനിർത്താനാണ് സാധ്യത. ഓൾറൗണ്ട് മികവുള്ള ശാർദുൽ ഠാക്കൂറും ടീമിൽ തുടർന്നേക്കും. അങ്ങനെയെങ്കിൽ മുഹമ്മദ് സിറാജിനു പകരം ആവേശ് ഖാൻ അരങ്ങേറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com