ആരാകും വിലകൂടിയ താരം? ഐപിഎല്‍ മെഗാ താര ലേലം ഇന്ന് 

590 കളിക്കാരുടെ പേരുകളാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുന്നത്. ഇതില്‍ 370 ഇന്ത്യന്‍ കളിക്കാരും 220 ഇന്ത്യന്‍ താരങ്ങളും ഉണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: ഐപിഎല്‍ മെഗാ താര ലേലം ഇന്ന്. രാവിലെ 11 മണിക്ക് ബംഗളൂരിവില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന താര ലേലത്തിന് തുടക്കമാവും. താര ലേലത്തില്‍ പണം വാരുന്നത് ആരെല്ലാം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ശ്രീശാന്ത് ഉള്‍പ്പെടെ 13 മലയാളി താരങ്ങളുടെ പേരും ലേലത്തിനായി എത്തുന്നു. കഴിഞ്ഞ താര ലേലത്തില്‍ അന്തിമ പട്ടികയില്‍ എത്താന്‍ ശ്രീശാന്തിനായിരുന്നില്ല. എന്നാല്‍ ഇത്തവണ ആദ്യ കടമ്പ ശ്രീശാന്ത് മറികടന്നു.

590 കളിക്കാരുടെ പേരുകളാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുന്നത്. ഇതില്‍ 370 ഇന്ത്യന്‍ കളിക്കാരും 220 ഇന്ത്യന്‍ താരങ്ങളും ഉണ്ട്. മറ്റ് എട്ട് വമ്പന്മാരോടൊപ്പം ഐപിഎല്ലില്‍ പുതിയതായി എത്തിയ അഹമ്മദാബാദ്, ലഖ്‌നൗ ടീമുകള്‍ തങ്ങളുടെ ആദ്യ താര ലേല പോരിനായി ഇറങ്ങും.

മലയാളി താരങ്ങള്‍ ഇവര്‍

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് താര ലേലത്തിന് എത്തുന്ന മറ്റൊരു പ്രമുഖ താരം റോബിന്‍ ഉത്തപ്പയാണ്. രണ്ട് കോടി രൂപയാണ് ഉത്തപ്പയുടെ അടിസ്ഥാന വില.  

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീന്റെ പേര് ഇത്തവണയും താര ലേലത്തിനുണ്ട്. 20 ലക്ഷം രൂപയാണ് അസ്ഹറുദ്ദീന്റെ അടിസ്ഥാന വില. മോശം ഫോമിനെ തുടര്‍ന്ന് കേരള ടീമിലെ സ്ഥാനം മുഹമ്മദ് അസ്ഹറുദ്ദീന് അടുത്തിടെ നഷ്ടമായിരുന്നു. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ് ആണ് താര ലേലത്തിലേക്ക് എത്തുന്ന മറ്റൊരു മലയാളി താരം. 20 ലക്ഷം രൂപയാണ് വിഷ്ണു വിനോദിന്റേയും അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് വിഷ്ണു വിനോദിനെ സ്വന്തമാക്കിയത്. 

ബേസില്‍ തമ്പിയുടെ അടിസ്ഥാന വില 30 ലക്ഷം രൂപ

പേസര്‍ കെഎം ആസീഫിന്റെ പേരും താര ലേലത്തിനുണ്ട്. 20 ലക്ഷം രൂപയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തിന്റെ അടിസ്ഥാന വില. പേസര്‍ ബേസില്‍ തമ്പിയുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. സച്ചിന്‍ ബേബിയുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി സച്ചിന്‍ കളിച്ചിരുന്നു.

മിഥുന്‍ സുദേശന്‍, രോഹന്‍ കുന്നുമ്മല്‍, എം.നിധീഷ്, സിജിമോന്‍ ജോസഫ് എന്നിവരാണ് അടിസ്ഥാന വില 20 ലക്ഷമായി താര ലേലത്തിന് എത്തുന്ന മറ്റ് മലയാളി താരങ്ങള്‍. 590 കളിക്കാരുടെ പേരുകളാണ് രണ്ട് ദിവസമായി നടക്കുന്ന ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുക.

കൊല്‍ക്കത്ത, പഞ്ചാബ്, ബാംഗ്ലൂര്‍ ടീമുകള്‍ക്ക് ക്യാപ്റ്റനെ കണ്ടെത്തണം

അടുത്ത 5 വര്‍ഷത്തേക്കുള്ള ടീമിനെ മനസില്‍ കണ്ടാവും ഫ്രാഞ്ചൈസികള്‍ താര ലേലത്തില്‍ എത്തുന്നത്. കൊല്‍ക്കത്ത, പഞ്ചാബ്, ബാംഗ്ലൂര്‍ ടീമുകള്‍ക്ക് ക്യാപ്റ്റനാവാന്‍ പാകത്തില്‍ താരത്തേയും താര ലേലത്തില്‍ നിന്ന് കണ്ടെത്തണം. 17 ഇന്ത്യന്‍ കളിക്കാരുടെ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്.

ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷന്‍ കിഷന്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖ ഇന്ത്യന്‍ കളിക്കാര്‍.

34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപ

48 കളിക്കാരാണ് അടിസ്ഥാന വില രണ്ട് കോടിയായുള്ളത്. 1.5 കോടി രൂപ അടിസ്ഥാന വിലയായുള്ളത് 20 കളിക്കാരും. 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ഐപിഎല്ലിനായി എത്തുന്നത്, 47 കളിക്കാര്‍.

34 വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും താര ലേലത്തിന്

34 വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 33 സൗത്ത് ആഫ്രിക്കന്‍ കളിക്കാരുടേയും 24 ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് കളിക്കാരുടേയും 23 ശ്രീലങ്കന്‍ കളിക്കാരുടേയും പേരുകള്‍ താര ലേലത്തിലേക്ക് എത്തും. 17 അഫ്ഗാന്‍ കളിക്കാരാണ് താര ലേലത്തിനായി എത്തുക. ബംഗ്ലാദേശിന്റേയും അയര്‍ലന്‍ഡിന്റേയും 5 വീതം താരങ്ങള്‍. നമീബിയയുടെ മൂന്നും സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ടും കളിക്കാരുണ്ട്. സിംബാബ്വെ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കളിക്കാര്‍ വീതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com