കോഹ്‌ലിക്ക് പിന്നാലെ പന്തിനും അര്‍ധ സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്‌കോര്‍; വിന്‍ഡീസിന് ജയിക്കാന്‍ 187 റണ്‍സ്

കോഹ്‌ലിക്ക് പിന്നാലെ പന്തിനും അര്‍ധ സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്‌കോര്‍; വിന്‍ഡീസിന് ജയിക്കാന്‍ 187 റണ്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് കണ്ടെത്തി. പരമ്പരയിലേക്ക് തിരിച്ചെത്താന്‍ വിന്‍ഡീസിന് വേണ്ടത് 187 റണ്‍സ്. 

അര്‍ധ സെഞ്ച്വറി നേടിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 

ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടിയത്. 41 പന്തുകള്‍ നേരിട്ട് മുന്‍ നായകന്‍ 52 റണ്‍സെടുത്തു മടങ്ങി. ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി.

പന്ത് 28 പന്തില്‍ 52 റണ്‍സ് കണ്ടെത്തി. ഏഴ് ഫോറും ഒരു സിക്‌സും സഹിതം അര്‍ധ സെഞ്ച്വറി അടിച്ചെടുത്ത പന്ത് പുറത്താകാതെ നിന്നു. 18 പന്തുകള്‍ നേരിട്ട് 33 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം നാല് ഫോറും ഒരു സിക്‌സും അടിച്ചു. 

ഇഷാന്‍ കിഷന്‍ (രണ്ട്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18 പന്തില്‍ 19), സൂര്യകുമാര്‍ യാദവ് (ആറ് പന്തില്‍ എട്ട്) എന്നിവരും പുറത്തായി. ഹര്‍ഷല്‍ പട്ടേല്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

വിന്‍ഡീസിനായി റോസ്റ്റന്‍ ചെയ്‌സ് മൂന്ന് വിക്കറ്റുകള്‍ നേടി. ഷെല്‍ഡന്‍ കോട്രെല്‍, ഒഡീന്‍ സ്മിത്ത് എന്നിവര്‍ ഒരു വിക്കറ്റെടുത്തു

നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ വിന്‍ഡീസ് ടീമില്‍ ഫാബിയന്‍ അലന് പകരം ജേസന്‍ ഹോള്‍ഡര്‍ ഇടംപിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com