'പാണ്ഡ്യക്ക് ഒരു സാധ്യതയും ഇല്ല; ലോകകപ്പില്‍ മുതല്‍ക്കൂട്ടാകുക ഈ താരം'- ഓള്‍റൗണ്ടറെ ചൂണ്ടി ജാഫര്‍

'പാണ്ഡ്യക്ക് ഒരു സാധ്യതയും ഇല്ല; ലോകകപ്പില്‍ മുതല്‍ക്കൂട്ടാകുക ഈ താരം'- ഓള്‍റൗണ്ടറെ ചൂണ്ടി ജാഫര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ വെങ്കടേഷ് അയ്യര്‍ ശ്രദ്ധിക്കപ്പെട്ടു. ഏകദിന പോരാട്ടത്തില്‍ മോശം പ്രകടനത്തിന്റെ പേരില്‍ പഴി കേട്ട വെങ്കടേഷ് പക്ഷേ ടി20യില്‍ ഇന്ത്യക്കായി തിളങ്ങി. മധ്യനിരയില്‍ താരത്തിന്റെ മികച്ച ബാറ്റിങ് കണ്ടു. 

ഇപ്പോഴിതാ ശ്രദ്ധേയമായൊരു കാര്യം സൂചിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള താരം വെങ്കടേഷ് അയ്യരായിരിക്കുമെന്നാണ് ജാഫറിന്റെ നിരീക്ഷണം. ഹര്‍ദിക് പാണ്ഡ്യയേക്കാള്‍ നിലവിലെ സാഹചര്യത്തില്‍ ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക വെങ്കടേഷ് അയ്യരായിരിക്കും എന്നാണ് ജാഫര്‍ പറയുന്നത്. 

വിന്‍ഡീസിനെതിരായ ട20 പരമ്പരയില്‍ ഒന്നാം പോരാട്ടത്തില്‍ 24 റണ്‍സും രണ്ടാം പോരില്‍ 33 റണ്‍സും മൂന്നാം മത്സരത്തില്‍ 35 റണ്‍സുമാണ് താരം കണ്ടെത്തിയത്. രണ്ട് തവണ നോട്ടൗട്ടായി നിന്ന താരം മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 92 റണ്‍സാണ് നേടിയത്. മൂന്നോവര്‍ മാത്രമേ പരമ്പരയില്‍ താരം പന്തെറിഞ്ഞുള്ളു. പക്ഷേ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ പിഴുതു. 

'ഹര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നുണ്ടോ എന്നതും മത്സരിക്കാന്‍ ഫിറ്റാണോ എന്ന കാര്യവും ഇപ്പോഴും ഉറപ്പായിട്ടില്ല. അതുകൊണ്ടു തന്നെ വെങ്കടേഷ് അയ്യര്‍ക്കാണ് ലോകകപ്പ് ടീമിലേക്ക് കൂടുതല്‍ സാധ്യത ഞാന്‍ നല്‍കുന്നത്. പണ്ഡ്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ഐപിഎല്‍ നിര്‍ണായകമാണ്.' 

'ആറാം നമ്പര്‍ ബാറ്ററായി അദ്ദേഹം എത്ര നന്നായി കളിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഓപ്പണറായി ഇറങ്ങി പെട്ടെന്ന് പുറത്താകുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ആറാം നമ്പറില്‍ വെങ്കടേഷ് മികവ് കാണിക്കുന്നു. ആ സ്ഥാനത്തോട് അദ്ദേഹം നന്നായി പൊരുത്തപ്പെടുകയും മികച്ച രീതിയില്‍ തന്നെ ഫിനിഷ് ചെയ്യുന്നു. പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകള്‍ വിഴ്ത്തിയ അദ്ദേഹത്തിന്റെ ബൗളിങും ശ്രദ്ധേയം. വെങ്കടേഷ് അയ്യര്‍ തീര്‍ച്ചയായും ഇന്ത്യക്ക് ലോകകപ്പില്‍ മുതല്‍കൂട്ടായിരിക്കും'- ജാഫര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com