ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി; 2-1ന് തകര്‍ത്ത് സെമി ബര്‍ത്ത് ഉറപ്പിച്ച് ഹൈദരബാദ്

വിജയത്തോടെ സെമി ബര്‍ത്ത് ഉറപ്പാക്കുന്ന ആദ്യടീമായി ഹൈദരാബാദ്.
ഹൈദരബാദ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ
ഹൈദരബാദ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ

ബാംബോലിം: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. വിജയത്തോടെ സെമി ബര്‍ത്ത് ഉറപ്പാക്കുന്ന ആദ്യടീമായി ഹൈദരാബാദ്. തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ, ജാവിയര്‍ സിവെറിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയുടെ അധികസമയത്ത് വിന്‍സി ബാരെറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.

38ാം മിനുട്ടില്‍ ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഹൈദരാബാദിന്റെ പ്രതിരോധക്കരുത്തിനെ ഭേദിക്കാനായില്ല. ആദ്യ പകുതി അവസാനിച്ചപ്പോൾ ഹൈദരാബാദ് ഒരു ഗോളിന് മുന്നിട്ട് നിന്നു. 

രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ ഹൈദരാബാദ് ഒരു മാറ്റമാണ് വരുത്തിയത്. സൗവിക് ചക്രവര്‍ത്തിയെ തിരികെ വിളിച്ച് സഹില്‍ ടവോറയെയാണ് ഹൈദരാബാദ് കളത്തിലിറക്കിയത്. രണ്ടാം പകുതിയിലും ഹൈദരാബാദ് മുന്നേറ്റം തുടര്‍ന്നു. ഇരുടീമുകൾക്കും ഒന്നിലധികം അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

87ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ത്ത് ഹൈദരാബാദ് രണ്ടാം വെടി പൊട്ടിച്ചു. ജാവിയര്‍ സിവേറിയോയാണ് ഹൈദരാബാദിനായി രണ്ടാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ആയുഷ് അധികാരിയെ മടക്കിവിളിച്ച് ഗീവ്‌സന്‍ സിങ്ങിനെ കളത്തിലിറക്കി ആശ്വാസ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ വന്‍ നാണക്കേടൊഴുവാക്കി ഒരു ഗോള്‍ നേടി. വിന്‍സി ബറീട്ടോയാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് ജയം ഹൈദരാബാദിന് സ്വന്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com