വിമര്‍ശകരുടെ വായടപ്പിച്ച 89 റണ്‍സ്, ക്രെഡിറ്റ്‌ രോഹിത് ശര്‍മയ്ക്ക് നല്‍കി ഇഷാന്‍ കിഷന്‍

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ തന്നെ തകര്‍ത്തടിച്ച് ഇഷാന്‍ വിമര്‍ശകരുടെ എല്ലാം വായടപ്പിച്ച് കഴിഞ്ഞു
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതിരുന്നതോടെ ഇഷാന്‍ കിഷന് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ തന്നെ തകര്‍ത്തടിച്ച് ഇഷാന്‍ വിമര്‍ശകരുടെ എല്ലാം വായടപ്പിച്ച് കഴിഞ്ഞു. 

56 പന്തില്‍ നിന്ന് 89 റണ്‍സ് ആണ് ഇഷാന്‍ അടിച്ചെടുത്തത്. താളം വീണ്ടെടുത്തതിലെ ക്രഡിറ്റ് ഇഷാന്‍ നല്‍കുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും. മികവ് കാണിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള യുവ താരങ്ങളുടെ മാനസികാവസ്ഥ രോഹിത്, കോഹ് ലി പോലുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും എന്നാണ് ഇഷാന്‍ പറയുന്നത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരെ എനിക്ക് മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. എന്റെ കഴിവ് എന്താണെന്ന് അറിയാമെന്നും ടീമിനായി എനിക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ എന്നോട് എല്ലായ്‌പ്പോഴും പറയുന്നുണ്ട്. നിന്നില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നിനക്ക് കഴിവില്ലേ എന്ന സംശയം ഒരിക്കലും ഉണ്ടാകരുത് എന്നും അവരെന്നോട് പറയുന്നു...

ചെറിയ കാര്യങ്ങളില്‍ പോലും സഹായിക്കാനെത്തും

ബാറ്റിങ് ഗ്രിപ്പ് ശരിയാക്കുന്നത് ഉള്‍പ്പെടെയുള്ള ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും അവര്‍ സഹായിക്കുന്നു. രോഹിത്തുമായുള്ള സംസാരങ്ങള്‍ എന്നെ ഒരുപാട് സഹായിച്ചു. ക്രീസീല്‍ ഇറങ്ങിയാല്‍ എനിക്ക് എവിടേക്ക് വേണമെങ്കിലും ഷോട്ട് കളിക്കാന്‍ സാധിക്കുമെന്നാണ് രോഹിത് പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്, ഇഷാന്‍ കിഷന്‍ പറയുന്നു. 

സ്‌ട്രൈക്ക് കൈമാറിക്കളിക്കാന്‍ രോഹിത്തിന്റെ നിര്‍ദേശം

സ്‌ട്രൈക്ക് മാറുന്നതിലും സിംഗിളുകള്‍ എടുക്കുന്നതിലുമാണ് എനിക്ക് പിഴയ്ക്കുന്നത്. ഈ കാര്യങ്ങള്‍ ശരിയാക്കാന്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോഴും രോഹിത് സഹായിക്കും. സ്‌ട്രൈക്ക് കൈമാറുന്നത് പരിശീലിക്കാനാണ് രോഹിത് പറയുന്നത്. നിനക്ക് എവിടേക്ക് വേണമെങ്കിലും അടിക്കാം. പക്ഷേ ബൗളറെ സമ്മര്‍ദത്തിലാക്കാന്‍ സ്‌ട്രൈക്ക് കൈമാറി കളിക്കാനാവണം എന്നാണ് രോഹിത്ത് പറയുക...

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 ജയിച്ചതോടെ തുടരെ 10 ട്വന്റി20 ജയങ്ങളായി ഇന്ത്യയുടെ അക്കൗണ്ടിലേക്ക്. ആദ്യം ബാറ്റ് ചെയ്യുന്ന കളികളില്‍ അഞ്ച് ജയവും. ശ്രീലങ്കയ്ക്ക് എതിരെ 62 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 199 റണ്‍സ്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് കണ്ടെത്താനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com