'എന്റെ മകൾ ഇന്ത്യക്ക് വേണ്ടി മെഡൽ നേടി, താങ്കൾ രാജ്യത്തിനായി എന്ത് ചെയ്തു?'- നടൻ സിദ്ധാർഥിനെതിരെ സൈനയുടെ പിതാവ്

'എന്റെ മകൾ ഇന്ത്യക്ക് വേണ്ടി മെഡൽ നേടി, താങ്കൾ രാജ്യത്തിനായി എന്ത് ചെയ്തു?'- നടൻ സിദ്ധാർഥിനെതിരെ സൈനയുടെ പിതാവ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ്: ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെ പരിഹസിച്ച് നടൻ സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ച വാക്കുകൾ വിവാദമായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി സൈനയുടെ പിതാവ് ഹര്‍വിര്‍ സിങ് നെഹ്‌വാള്‍. സിദ്ധാർഥിന്റെ വാക്കുകൾ തന്നെ വളരെയധികം വിഷമിപ്പിച്ചതായി സൈനയുടെ പിതാവ് വ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് സൈനയുടെ പിതാവിന്റെ പ്രതികരണം. 

'അദ്ദേഹം എന്റെ മകളെക്കുറിച്ച് അത്തരം വാക്കുകൾ ഉപയോഗിച്ചപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. എന്റെ മകൾ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടി. ഇന്ത്യയ്ക്കായി പുരസ്കാരങ്ങൾ കൊണ്ടുവന്നു. അദ്ദേഹം രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്?'. 

'ഇന്ത്യ ഒരു മഹത്തായ സമൂഹമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. സൈനയ്ക്ക് മാധ്യമപ്രവർത്തകരുടെയും സഹ താരങ്ങളുടേയും പിന്തുണയുണ്ട്. കാരണം ഒരു കായിക താരം എത്രമാത്രം പോരാട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർക്കറിയാം'- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനന്യൂഹം പഞ്ചാബിൽ വച്ച് കർഷകർ തടഞ്ഞതിനെ വിമർശിച്ചുകൊണ്ട് സൈന കുറിച്ച ട്വീറ്റിനെതിരെ സിദ്ധാർഥ് നടത്തിയ പരാമർശമാണ് വിവാദ​മായത്. റീട്വീറ്റിൽ സിദ്ധാർഥ് ഉപയോ​ഗിച്ച മോശം വാക്കാണ് താരത്തെ കുരുക്കിയത്. ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചു. 

സൈനയ്‌ക്കെതിരേ സിദ്ധാർഥ് ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിമർശനമുയരുന്നത്. ഇതോടെ, മോശം അർഥത്തിലല്ല ട്വീറ്റിലെ പരാമർശങ്ങളെന്ന വിശദീകരണവുമായി നടൻ രം​ഗത്തെത്തി.

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരുകൂട്ടം അരാജകവാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’ എന്നായിരുന്നു സൈനയുടെ ട്വീറ്റ്. ഈ ട്വീറ്റിന് താഴെയായിരുന്നു സിദ്ധാർഥിന്റെ മോശം പരാമർശം.

‘അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസലായില്ല. നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളിൽ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമർശങ്ങളുടെ കാര്യത്തിൽ ട്വിറ്ററും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കരുതുന്നു’ സിദ്ധാർഥിന്റെ ട്വീറ്റിനോട് സൈന പ്രതികരിച്ചു. 

സൈനയുടെ ഭർത്താവ് പി കശ്യപും നടന്റെ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. ‘ഇത് ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. താങ്കൾക്ക് സ്വന്തം അഭിപ്രായം പറയാം. പക്ഷേ, അതിനായി നല്ല ഭാഷ തിരഞ്ഞെടുക്കൂ. പ്രതികരിക്കാൻ തിരഞ്ഞെടുത്ത ഭാഷയിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് താങ്കൾ കരുതിയതെന്നാണ് തോന്നുന്നത്’, കശ്യപ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com