'പൂജാരയും മായങ്കും രഹാനേയും നേടിയ അത്രയും റണ്‍സ് എക്‌സ്ട്രയായി കിട്ടി'; പരിഹാസവുമായി മുന്‍ താരം

'ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി നേടി. ഒന്നോ രണ്ടോ ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ മാത്രമാണ് രഹാനെയും പൂജാരയും കളിച്ചത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പരമ്പര നഷ്ടപ്പെടാന്‍ കാരണം പൂജാര, രഹാനെ, മായങ്ക് എന്നിവരുടെ പരാജയമാണെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് എടുത്ത റണ്‍സിനേക്കാള്‍ കൂടുതല്‍ മൂന്ന് ടെസ്റ്റിലായി എതിര്‍ ടീമിന്റെ ബൗളര്‍മാര്‍ എക്‌സ്ട്രാ ആയി നല്‍കിയിട്ടുണ്ടെന്നാണ് ആകാശ് ചോപ്രയുടെ പരിഹാസം. 

ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി നേടി. ഒന്നോ രണ്ടോ ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ മാത്രമാണ് രഹാനെയും പൂജാരയും കളിച്ചത്. പ്രതീക്ഷിച്ച വിധമൊരു പ്രകടനം ഈ കളിക്കാരില്‍ നിന്ന് ഉണ്ടായില്ല. പ്രതീക്ഷയ്‌ക്കൊത്ത് ഇവര്‍ ഉയരാതെ വരുമ്പോള്‍ ടോപ് ഓര്‍ഡര്‍ തകരും. ടീമിന് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. 

പൂജാര-രഹാനെ കൂട്ടുകെട്ട് അവസാനിക്കുകയാണ്

പൂജാര-രഹാനെ കൂട്ടുകെട്ട് ഏറെ കുറെ അവസാനിക്കുകയാണ്. ഇരുവരേയും നമുക്ക് ഇഷ്ടമാണ്. പല സുപ്രധാന ഇന്നിങ്‌സുകളും അവര്‍ രാജ്യത്തിനായി കളിച്ചു. രണ്ട് പേരേയും ഒരുമിച്ച് പുറത്തിരുത്തുമോ എന്നതാണ് ഇനി ചോദ്യം. എന്നാല്‍ രണ്ട് പേരേയും ഒരുമിച്ച് പുറത്തിരുത്തുന്നത് ഇന്ത്യക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു. 

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഒരു മാറ്റം നടത്തും എന്ന് ഉറപ്പാണ്. രഹാനെയ്ക്ക് ആയിരിക്കും ടീമില്‍ സ്ഥാനം നിലനിര്‍ത്തുക എന്നത് പ്രയാസം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പൂജാരയേക്കാള്‍ 10 റണ്‍സ് കൂടുതല്‍ സ്‌കോര്‍ ചെയ്തത് രഹാനെയാണ്. എന്നാല്‍ പുറത്ത് പോകാന്‍ സാധ്യത രഹാനെയ്ക്കാണ്, ആകാശ് ചോപ്ര പറഞ്ഞു. 

ആറ് ഇന്നിങ്‌സില്‍ നിന്ന് 136 റണ്‍സ് ആണ് രഹാനെയ്ക്ക് കണ്ടെത്താനായത്. മായങ്ക് അഗര്‍വാള്‍ 135 റണ്‍സും പൂജാര 124 റണ്‍സും നേടി. കെഎല്‍ രാഹുല്‍ ആണ് ഇവിടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ടാമത് പന്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com