'നോ വാക്‌സിന്‍, നോ ട്രോഫി'- നദാലിന്റെ 21ാം ഗ്രാന്‍ഡ് സ്ലാം നേട്ടം; ജോക്കോവിചിനെ 'ട്രോളി' പുനെ പൊലീസ്

'നോ വാക്‌സിന്‍, നോ ട്രോഫി'- നദാലിന്റെ 21ാം ഗ്രാന്‍ഡ് സ്ലാം നേട്ടം; ജോക്കോവിചിനെ 'ട്രോളി' പുനെ പൊലീസ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടി റാഫേല്‍ നദാല്‍ 21 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടുന്ന ടെന്നീസ് ചരിത്രത്തിലെ ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡ് നേട്ടത്തിന്റെ നിറവിലാണ്. ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ വീഴ്ത്തിയാണ് 35കാരനായ താരം റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു നദാലും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലൂടെ ഇരുവരേയും നദാല്‍ പിന്തള്ളി. 

റോജര്‍ ഫെഡറര്‍, ജോക്കോവിച് അടക്കം ലോകത്തെ നിരവധി കായിക താരങ്ങള്‍ നദാലിന് അഭിനന്ദനവുമായി രംഗത്തെത്തി. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്ന ട്വീറ്റാണ് പുനെ പൊലീസിന്റേത്. 

പൊതുജനങ്ങള്‍ നിര്‍ബന്ധമായും വാക്‌സിനെടുക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് നദാലിന്റെ കിരീടധാരണത്തെ പുനെ പൊലീസ് ട്വിറ്ററില്‍ വിഷയമാക്കിയത്. നദാലിനൊപ്പം ജോക്കോവിച് നില്‍ക്കുന്ന ചിത്രം നല്‍കി- 'ഇന്ന് തന്നെ വാക്‌സിനെടുക്കു'- എന്ന കുറിപ്പോടെയാണ് പുനെ പൊലീസിന്റെ രസകരമായ ട്വീറ്റ്. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങുന്നതിന് മുന്‍പ് ജോക്കോവിച് 21ാം കിരീടം നേടി റെക്കോര്‍ഡ് തനിക്കൊപ്പം ചേര്‍ക്കുമെന്ന് ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തി വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ വിസ നിഷേധിക്കപ്പെട്ട് ജോക്കോയ്ക്ക് ലോര്‍ഡ് ലോവര്‍ അരീനയില്‍ കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാതെ നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നത് ടെന്നീസ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ താരം കോടതിയെ സമീപിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. 

ഫെഡറര്‍ ആദ്യമേ തന്നെ മത്സരിക്കാനിറങ്ങുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ ജോക്കോയുടെ പിന്‍മാറ്റവും നദാലിന്റെ പ്രയാണം എളുപ്പമാക്കി. ഇക്കാര്യം പരോക്ഷമായി പറഞ്ഞാണ് പുനെ സിറ്റി പൊലീസിന്റെ രസകരമായ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com