ബുമ്റയ്ക്ക് വീണ്ടും റെക്കോർഡ്! ഇത്തവണ വഴിമാറിയത് കപിലിന്റെ 40 വർഷം പഴക്കമുള്ള നേട്ടം

നേരത്തെ ഇം​ഗ്ലീഷ് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ബുമ്ര സ്വന്തമാക്കിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിർമിങ്ഹാം: ബാറ്റിങിലും ബൗളിങിലും റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് ജസ്പ്രിത് ബുമ്ര. എഡ‍്ജ്ബാസ്റ്റണിലെ അ‍ഞ്ചാം ടെസ്റ്റിനിടെ മറ്റൊരു ബൗളിങ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ബുമ്ര. മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപിൽ ദേവിന്റെ പേരിലുള്ള റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. 40 വർഷം തകരാതെ നിന്ന റെക്കോർഡാണ് ഒടുവിൽ വഴി മാറിയത്. 

പരമ്പരയില്‍ 23 വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്ര ഒരു ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോർഡാണ് കപില്‍ ദേവില്‍ നിന്ന് സ്വന്തമാക്കിയത്. 1981-82 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ 22 വിക്കറ്റുകളായിരുന്നു കപിലിന്റെ നേട്ടം. 

നേരത്തെ ഇം​ഗ്ലീഷ് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ബുമ്ര സ്വന്തമാക്കിയിരുന്നു. 2014ല്‍ നടന്ന പരമ്പരയില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോർഡാണ് ബുമ്രയ്ക്ക് മുന്നിൽ വഴിമാറിയത്. 

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഒരു ഓവറില്‍ 29 റണ്‍സ് അടിച്ചെടുത്തും ബുമ്ര റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡാണ് ബുമ്ര സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറില്‍ ഓവറില്‍ നാല് ഫോറും രണ്ട് സിക്സുമടക്കമാണ് ബുമ്ര കത്തിക്കയറിയത്. 

ഇതോടൊപ്പം ബ്രോഡ് ആറ് റണ്‍സ് അധികമായി വഴങ്ങിയതോടെ ആ ഓവറില്‍ 35 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തി. ഇതോടെ ടെസ്റ്റില്‍ ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായും ബ്രോഡ് മാറി.

ഈ വാർത്ത കൂടി വായിക്കാം  

ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ വംശീയ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ്; വിവാദം
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com