'വീട്ടിലേക്ക് മടങ്ങുന്നു', നന്ദി പറഞ്ഞ് സഞ്ജു സാംസണ്‍; വിന്‍ഡിസില്‍ തകര്‍ക്കാമെന്ന് ആരാധകര്‍

ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ മാത്രമാണ് സഞ്ജു ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി

സതാംപ്ടണ്‍: ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ മാത്രമാണ് സഞ്ജു ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ സതാംപ്ടണില്‍ പ്ലേയിങ് ഇലവനില്‍ ഇടംനേടാന്‍ മലയാളി താരത്തിനായില്ല. ആദ്യ ട്വന്റി20 കഴിഞ്ഞതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങുന്നു എന്ന പോസ്റ്റുമായാണ് സഞ്ജു സാംസണ്‍ സമൂഹമാധ്യമങ്ങളിലെത്തിയത്. 

ഇന്ത്യന്‍ ടീം ജേഴ്‌സിയില്‍ ബാറ്റുമായി നില്‍ക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവര്‍ക്കും നന്ദി, സഞ്ജു ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച കളിക്കാരുടെ ചിത്രങ്ങളില്‍ സഞ്ജുവിന് വേണ്ടി ലൈക്കും കമന്റുമായി ആരാധകര്‍ നിറഞ്ഞിരുന്നു. 

സതാംപ്ടണിലെ ആദ്യ ട്വന്റി20യില്‍ ദീപക് ഹൂഡയ്ക്ക് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. കോഹ് ലി, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ളവര്‍ രണ്ടാം ട്വന്റി20 മുതല്‍ ടീമിനൊപ്പം ചേരുന്നതോടെ സഞ്ജുവിനും രാഹുല്‍ ത്രിപാഠി ഉള്‍പ്പെടെയുള്ള താരങ്ങളും നാട്ടിലേക്ക് തിരിക്കും. 

അയര്‍ലന്‍ഡിന് എതിരെ ഋതുരാജ് ഗയ്കവാദിന് പരിക്കേറ്റതോടെയാണ് സഞ്ജു അവസാന മത്സരം കളിച്ചത്. അര്‍ധ ശതകം പിന്നിട്ട് സഞ്ജു മികവ് കാണിക്കുകയും ചെയ്തു. എന്നാല്‍ അയര്‍ലന്‍ഡിന് എതിരെ സെഞ്ചുറിയും അര്‍ധ ശതകവും നേടി ദീപക് ഹൂഡ ടീം മാനേജ്‌മെന്റിന്റെ വിശ്വാസം നേടി. 

അയര്‍ലന്‍ഡില്‍ സഞ്ജുവിന് വലിയ പിന്തുണയാണ് കാണികളില്‍ നിന്നും ലഭിച്ചത്. പ്ലേയിങ് ഇലവനില്‍ സഞ്ജുവിന്റെ പേര് ടോസിന്റെ സമയം ഹര്‍ദിക് പറഞ്ഞതിന് പിന്നാലെ വലിയ ആരവം കാണികളില്‍ നിന്ന് ഉയര്‍ന്നത് ചര്‍ച്ചയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com