ഒളിംപിക്‌സിനേക്കാള്‍ പ്രയാസമാണ് ലോക ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണത്തിനായുള്ള വിശപ്പ് തുടരുന്നു: നീരജ് ചോപ്ര 

ഇന്ത്യയുടെ മെഡലിനായുള്ള 19 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് നീരജ് ചോപ്ര
നീരജ് ചോപ്ര/ഫോട്ടോ: എഎഫ്പി
നീരജ് ചോപ്ര/ഫോട്ടോ: എഎഫ്പി

യുജീന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡലിനായുള്ള 19 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് നീരജ് ചോപ്ര. 88.13 മീറ്റര്‍ എറിഞ്ഞ് വെള്ളി മെഡല്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് നീരജിന്റെ വാക്കുകള്‍. 

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായാണ് നീരജ് മാറിയത്. 2003ല്‍ അഞ്ജു ബോബി ജോര്‍ജ് ആണ് ഈ നേട്ടത്തിലേക്ക് എത്തിയത്. പാരിസില്‍ ലോങ് ജംപില്‍ വെങ്കലമാണ് അഞ്ജു നേടിയത്. 

അത്‌ലറ്റുകളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ടൂര്‍ണമെന്റാണ് ഇത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ എല്ലായ്‌പ്പോഴും കടുത്ത മത്സരമാണ് നടക്കുക. ഒളിംപിക്‌സിനേക്കാളും കടുപ്പമായിരിക്കും. ലോക ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് ഒളിംപിക്‌സിനേക്കാള്‍ മുകളിലാണ്. വളരെ പ്രയാസമേറിയ ഫീല്‍ഡ് ആണ്. ഈ വര്‍ഷം നിങ്ങള്‍ എടുത്ത് നോക്കിയാല്‍ താരങ്ങളെല്ലാം ഈ ഫീല്‍ഡില്‍ മികച്ച ഫോമിലാണെന്ന് കാണാം, നീരജ് ചോപ്ര പറയുന്നു. 

എല്ലായ്‌പ്പോഴും സ്വര്‍ണത്തിലേക്ക് എത്താനാവില്ല

ഇത്രയും നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്കായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാനായി എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഇന്ത്യന്‍ സംഘത്തിലെ എല്ലാവരും വളരെ നല്ല പ്രകടനമാണ് പുറത്തെടുത്തത്. പലരും ഫൈനലിലെത്തി. ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അതൊരു നല്ല തുടക്കമാണ്. ഇനി വരുന്ന പ്രധാന ടൂര്‍ണമെന്റുകളില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് വിശ്വസിക്കുന്നത് എന്നും നീരജ് ചോപ്ര പറഞ്ഞു. 

90 മീറ്റര്‍ ദൂരം തൊടാന്‍ ആന്‍ഡേഴ്‌സന്‍ വലിയ പ്രയത്‌നം നടത്തിയിട്ടുണ്ടാവും എന്നും നീരജ് പറഞ്ഞു. ഈ വര്‍ഷം ലോകത്തില്‍ ആന്‍ഡേഴ്‌സനായിരുന്നു ഒന്നാമന്‍. 90 മീറ്ററിന് മുകളില്‍ ഏതാനും ത്രോകള്‍ വന്നു. ഇവിടെ മത്സരം പ്രയാസമേറിയതാണ്. എതിരാളികള്‍ നല്ല ആവറേജില്‍ എറിയുന്നു. അത് വെല്ലിവിളി നല്‍കുന്നതാണ്. സ്വര്‍ണത്തിനായുള്ള എന്റെ വിശപ്പ് തുടരുകയാണ്. എന്നാല്‍ എല്ലായ്‌പ്പോഴും സ്വര്‍ണത്തിലേക്ക് എത്താനാവില്ലെന്ന് ഞാന്‍ മനസിലാക്കണം, നീരജ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com