'രാജാവും മന്ത്രിയും കാലാൾപ്പടകളും'... മഹാബലിപുരത്ത്; ചെസ് ഒളിംപ്യാഡിന് പ്രൗഢ​ ഗംഭീര തുടക്കം

187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് നാളെ മുതൽ മഹാബലിപുരത്തെ ചെസ് ഒളിംപ്യാഡ് വേദിയിൽ കരു നീക്കാൻ ഇറങ്ങുന്നത്
ഫോട്ടോ:  എഎൻഐ
ഫോട്ടോ: എഎൻഐ

ചെന്നൈ: 44മത് ചെസ് ഒളിംപ്യാഡിന് മഹാബലിപുരത്ത് പ്രൗഢ​ഗംഭീര തുടക്കം. ഒളിംപ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടിന്‍റെ പാരമ്പര്യവും സാംസ്കാരികപ്പൊലിമയും പ്രതിഫലിക്കുന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെയായിരുന്നു ഔദ്യോ​ഗിക ചടങ്ങുകൾ. ചെന്നൈ ജവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. 

187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് നാളെ മുതൽ മഹാബലിപുരത്തെ ചെസ് ഒളിംപ്യാഡ് വേദിയിൽ കരു നീക്കാൻ ഇറങ്ങുന്നത്. രാജ്യത്തെ 75 ചരിത്ര, സാസ്കാരിക തന്ത്രപ്രധാന സ്ഥലങ്ങൾ താണ്ടിയെത്തിയ ദീപശിഖ ഗ്രാൻഡ്മാസ്റ്ററും ഇന്ത്യൻ ടീം മെന്ററുമായ വിശ്വനാഥൻ ആനന്ദ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നൽകി. സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈമാറിയ ദീപശിഖയിൽ നിന്ന് ഇന്ത്യയുടെ വനിതാ ഗ്രാൻഡ്മാസ്റ്റർ വിജയലക്ഷ്മി സുബ്ബരമനും യുവ ഗ്രാൻഡ് മാസ്റ്റർമാരും ചേർന്ന് മേളയുടെ ദീപം തെളിയിച്ചു.

തമിഴ്നാടിന്‍റെ സാംസ്കാരിക സൗന്ദര്യം മുഴുവൻ ഉ​ദ്ഘാടന ചടങ്ങിൽ നിറഞ്ഞു. ചിലമ്പാട്ടവും ജല്ലിക്കട്ടും ഭരതനാട്യവും പരമ്പരാഗത കലാചാരങ്ങളും മിഴിവേകി. തോൽക്കാപ്പിയവും തിരുക്കുറലും ലോകത്തിനു മുന്നിൽ തമിഴകം വീണ്ടും തുറന്നു വച്ചു. ഭരതീയാറും തിരുവള്ളുവരും കണ്ണകിയും വന്നു പോയി.

ചെസ് മഹാമേള ചെസിന്‍റെ ജന്മ ദേശത്ത് എത്തിയതായി മോദി ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു. ലോകത്തെ ഒന്നിപ്പിക്കുന്ന സന്ദേശമാണ് എല്ലാ കായിക മേളകളും നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സാഹോദര്യത്തിന്‍റേയും സാംസ്കാരിക സമന്വയത്തിന്‍റേയും ഉത്സവമായാണ് ചെസ് ഒളിംപ്യാഡിനെ കാണുന്നതെന്ന് തമിഴ്മാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്‍റ് അർക്കാഡി വ്ലാദിമിറോവിച്ച് ദ്യോക്കോവിച്ച്, തമിഴ്നാട് ഗവർണർ ആർഎൻ രവി, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com