രണ്ട് ദിനവും 3 സെഷനും കയ്യില്‍; ജയത്തോടെ തുടങ്ങാന്‍ സ്‌റ്റോക്ക്‌സിന് വേണ്ടത് 276 റണ്‍സ്

രണ്ടാം ദിനം 50-4 എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് 285 എന്ന ടോട്ടലിലേക്ക് ന്യൂസിലന്‍ഡ് എത്തിയത്
ബെന്‍ സ്‌റ്റോക്ക്‌സ്, പോട്ട്‌സ്/ഫോട്ടോ: എഎഫ്പി
ബെന്‍ സ്‌റ്റോക്ക്‌സ്, പോട്ട്‌സ്/ഫോട്ടോ: എഎഫ്പി

ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിന് എതിരെ ലോര്‍ഡ്‌സില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 276 റണ്‍സ്. ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സ് 285 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനം 50-4 എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് 285 എന്ന ടോട്ടലിലേക്ക് ന്യൂസിലന്‍ഡ് എത്തിയത്. 

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് എത്തിക്കാന്‍ സ്റ്റോക്ക്‌സിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആഷസ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞിടത്ത് നിന്ന് ഇംഗ്ലണ്ട് ബാറ്റിങ് നിര കരകയറിയോ എന്നും ലോര്‍ഡ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ നിന്ന് വ്യക്തമാവും. 

108 റണ്‍സ് എടുത്ത് നില്‍ക്കെ സെക്കന്റ് ന്യൂ ബോളിലൂടെ ഡാരില്‍ മിച്ചലിനെ വീഴ്ത്തി ബ്രോഡാണ് കിവീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ബ്രോഡിന്റെ ഡെലിവറിയില്‍ ഡിഫന്‍സീവ് ഷോട്ട് കളിക്കാനുള്ള ഡാരില്‍ മിച്ചലിന്റെ ശ്രമം പാളുകയും പന്ത് ഔട്ട്‌സൈഡ് എഡ്ജ് ആയി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തുകയും ചെയ്തു.

ഗ്രാന്‍ഡ്‌ഹോം റണ്‍ഔട്ടായി

195 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഡാരില്‍ മിച്ചലും ടോം ബ്ലണ്ടലും ചേര്‍ന്ന് തീര്‍ത്തത്. ഡാരില്‍ മിച്ചല്‍ പുറത്തായതിന് പിന്നാലെ ഗ്രാന്‍ഡ്‌ഹോം റണ്‍ഔട്ടായി. ഇംഗ്ലണ്ടിന്റെ എല്‍ബിഡബ്ല്യു അപ്പീലിന് ഇടയില്‍ ക്രീസ് ലൈനില്‍ നിന്ന് ഗ്രാന്‍ഡ്‌ഹോം പുറത്തെത്തിയതാണ് വിനയായത്.പിന്നാലെ ജാമിസണിനേയും ബ്രോഡ് മടക്കി. സെഞ്ചുറിയിലേക്ക് അടുത്തെത്തിയിരുന്ന ടോം ബ്ലണ്ടലിനെ മടക്കിയത് ജെയിംസ് ആന്‍ഡേഴ്‌സനാണ്. 198 പന്തില്‍ നിന്ന് 96 റണ്‍സ് എടുത്ത് നിന്ന ബ്ലണ്ടലിനെ ആന്‍ഡേഴ്‌സന്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി.

അവസാന ഓവറുകളികളില്‍ നാല് ബൗണ്ടറിയുമായി ടിം സൗത്തി പറ്റാവുന്നത്ര റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചു. ബ്രോഡും പോട്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റും പാര്‍കിന്‍സണ്‍ ഒരു വിക്കറ്റും വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com