വല്ല കൂടോത്രവും ആണോ? നിലത്ത് സ്വയം കുത്തി നിൽക്കുന്ന റൂട്ടിന്റെ ‘അത്ഭുത ബാറ്റ്‘! (വീഡിയോ)

റൂട്ട് നോൺ സ്ട്രൈക്കിങ് എൻഡിൽ നിൽക്കെ, മറ്റൊരു വസ്തുവിന്റെയും സഹായമില്ലാതെ റൂട്ടിന്റെ ബാറ്റ് ‘സ്വയം’ നിലത്തുകുത്തി നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ടിവി സ്ക്രീനിൽ പതിഞ്ഞു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ലണ്ടൻ: ഇം​ഗ്ലണ്ട് ക്യാപ്റ്റനായുള്ള ബെൻ സ്റ്റോക്സിന്റെ അരങ്ങേറ്റം വിജയത്തോടെയായിരുന്നു. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ മുൻ നായകൻ ജോ റൂട്ടിന്റെ ഉജ്വല സെഞ്ച്വറിയുടെ ചിറകിലേറിയാണ് കൈവിട്ടെന്ന് കരുതിയ മത്സരം ഇംഗ്ലണ്ട് അവിസ്മരണീയമായി വിജയിച്ച് കയറിയത്. 

ടെസ്റ്റ് കരിയറിലെ 26ാം സെഞ്ച്വറിയോടെ തിളങ്ങിയ ജോ റൂട്ടിന്റെ ബാറ്റിങ് പ്രകടനത്തെ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും പ്രശംസ കൊണ്ടു മൂടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന 14മത്തെ താരം എന്ന നേട്ടത്തിലും റൂട്ട് എത്തി. മത്സരത്തിനിടെയുള്ള ജോ റൂട്ടിന്റെ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. 

റൂട്ട് നോൺ സ്ട്രൈക്കിങ് എൻഡിൽ നിൽക്കെ, മറ്റൊരു വസ്തുവിന്റെയും സഹായമില്ലാതെ റൂട്ടിന്റെ ബാറ്റ് ‘സ്വയം’ നിലത്തുകുത്തി നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ടിവി സ്ക്രീനിൽ പതിഞ്ഞു. റൂട്ട് ബാറ്റിൽ പിടിച്ചിട്ടുമില്ല. നിലത്തു കുത്തി നിൽക്കുന്ന ബാറ്റ് പിന്നീട് റൂട്ട് എടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇത് എന്തു മാജിക്കാണ്, ഇതു മാജിക്കോ അതോ കൂടോത്രമോ? ഇത്തരത്തിലുള്ള ബാറ്റ് എവിടെ നിന്നാണു കിട്ടിയത് തുടങ്ങിയ രസകരമായ ചോദ്യങ്ങളാണ് റൂട്ടിന്റെ ബാറ്റിനെക്കുറിച്ച് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്നത്. 

അലിസ്റ്റർ കുക്കിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ഇം​ഗ്ലീഷ് താരം എന്ന റെക്കോർഡാണു മത്സരത്തിനിടെ റൂട്ട് സ്വന്തമാക്കിയത്. 229 ഇന്നിങ്സിലായിരുന്നു കുക്കിന്റെ നേട്ടമെങ്കിൽ 218 ഇന്നിങ്സാണു റൂട്ടിന് ഇതിനായി വേണ്ടി വന്നത്. കുക്കിന്റെ അതേ പ്രായത്തിലാണ് (31 വർഷവും 157 ദിവസവും) റൂട്ടും നേട്ടത്തിലെത്തിയത് എന്നതും കൗതുകം സമ്മാനിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com