ഒന്നര വര്‍ഷം... ഒന്‍പത് സെഞ്ച്വറി! 'കോഹ്‌ലിയും സ്മിത്തും വില്ല്യംസനുമല്ല റൂട്ടാണ് കേമന്‍'

ഫാബുലസ് ഫോറില്‍ ബാറ്റിങിലെ സ്ഥിരതയുടെ ആള്‍രൂപമായി നില്‍ക്കുന്ന ഏക വ്യക്തി ഇപ്പോള്‍ റൂട്ടാണെന്ന് സാബ കരീം പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പട്‌ന: ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് നിരയില്‍ ഒരിടയ്ക്ക് ജ്വലിച്ചു നിന്ന നാല് താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്‌ലി, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസന്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവര്‍. ഫാബുലസ് ഫോര്‍ എന്ന് അറിയപ്പെട്ടിരുന്ന നാല് പേരും ടെസ്റ്റ് ക്രിക്കറ്റില്‍ ഒരേ സമയം സ്ഥിരതയുടെ പര്യായങ്ങളായി വിരാജിച്ചിരുന്നു. 

ഇപ്പോഴിതാ നാല് പേരേയും താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയം മുന്നില്‍ കണ്ട ഇംഗ്ലണ്ടിനെ അവിസ്മരണീയ സെഞ്ച്വറിയുമായി വിജയത്തിലേക്ക് നയിച്ച് ജോ റൂട്ട് ടെസ്റ്റില്‍ 10000 റണ്‍സ് തികച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കരിയറിലെ 26ാം ടെസ്റ്റ് ശതകമാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കുറിച്ചത്. 

ഈ മികവ് ചൂണ്ടിയാണ് സാബ കരീമിന്റെ വിലയിരുത്തല്‍. ഫാബുലസ് ഫോറില്‍ ബാറ്റിങിലെ സ്ഥിരതയുടെ ആള്‍രൂപമായി നില്‍ക്കുന്ന ഏക വ്യക്തി ഇപ്പോള്‍ റൂട്ടാണെന്ന് സാബ കരീം പറയുന്നു. ബാറ്റിങിലെ സ്ഥിരത സമീപ കാലത്ത് കോഹ്‌ലി, സ്മിത്ത്, വില്ല്യംസന്‍ ത്രയത്തിന് കൈമോശം വന്നു. എന്നാല്‍ റൂട്ട് അപ്പോഴും വ്യത്യസ്തനായി നിന്നു. ഓസ്‌ട്രേലിയ, വിന്‍ഡീസ് ടീമുകള്‍ക്കെതിരെ ടീം കനത്ത പരാജയം ഏറ്റുവാങ്ങിയ ഘട്ടത്തിലും റൂട്ടിന്റെ ബാറ്റ് നിശബ്ദമായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. ഇക്കാര്യം എടുത്തു പറഞ്ഞാണ് സാബ കരീമിന്റെ വിലയിരുത്തല്‍. 

'കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജോ റൂട്ട് മറ്റ് മൂന്ന് ബാറ്റര്‍മാരെയും വളരെ പിന്നിലാക്കി ഒരുപാട് മുന്നേറിക്കഴിഞ്ഞു. സ്ഥിരത, സാങ്കേതികത, പെരുമാറ്റം എന്നിവയെക്കുറിച്ച് പറഞ്ഞാല്‍ എല്ലാ കാര്യത്തിലും മറ്റ് മൂന്ന് പേരേയും അപേക്ഷിച്ച് റൂട്ട് മുകളില്‍ നില്‍ക്കുന്നു.'

'ഇംഗ്ലീഷ് ബാറ്റിങ് നിരയെക്കുറിച്ച് പറയുമ്പോള്‍ റൂട്ട് മാത്രമാണ് മുന്നില്‍ വരുന്നത്. മറ്റാരെയും കുറിച്ച് ചര്‍ച്ച വരുന്നില്ല. അതിനര്‍ത്ഥം ജോ റൂട്ട് ഒറ്റയ്ക്ക് റണ്‍സ് നേടുകയും സെഞ്ച്വറി നേടുകയും ചെയ്യുന്നു. അദ്ദേഹത്തിന് ഇംഗ്ലണ്ട് ടീമില്‍ നിന്ന് മറ്റ് ബാറ്റര്‍മാരുടെ പിന്തുണ പോലും കിട്ടുന്നില്ല'- സാബ കരീം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 18 മാസത്തിനിടെ 2192 റണ്‍സാണ് റൂട്ട് ടെസ്റ്റില്‍ അടിച്ചുകൂട്ടിയത്. ഒന്‍പത് സെഞ്ച്വറികളടക്കമാണ് ഈ മാരക ഫോം. എന്നാല്‍ കോഹ്‌ലി, സ്മിത്ത്, വില്ല്യംസന്‍ ആകട്ടെ 2021 ജനുവരിക്ക് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. റൂട്ടിന്റെ ഈ പോക്ക് സക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 15921 റണ്‍സെന്ന റെക്കോര്‍ഡ് നേട്ടം പോലും മറികടക്കുന്ന തരത്തിലാകുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മാര്‍ക്ക് ടെയ്‌ലര്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ എന്നിവര്‍ വിലയിരുത്തിയിരുന്നു. പിന്നാലെയാണ് സാബ കരീമും രംഗത്തെത്തിയത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com