170 അന്താരാഷ്ട്ര മത്സരങ്ങളില്‍ അമ്പയര്‍, ഇപ്പോള്‍ വസ്ത്രം വിറ്റ് ജീവിക്കുന്നു 

2000 മുതല്‍ 2013 വരെയാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ റൗഫ് നിയന്ത്രിച്ചത്. 2016ല്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തി
ആസാദ് റൗഫ്/ഫോട്ടോ: ട്വിറ്റർ
ആസാദ് റൗഫ്/ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ഐസിസിയുടെ എലൈറ്റ് പട്ടികയിലുണ്ടായ അമ്പയര്‍ അസാദ് റൗഫിന്റെ അവസ്ഥയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 170 രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ച ആസാദ് റൗഫ് ഇപ്പോള്‍ വസ്ത്രങ്ങള്‍ വിറ്റാണ് ജീവിക്കുന്നത്. 

2000 മുതല്‍ 2013 വരെയാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ റൗഫ് നിയന്ത്രിച്ചത്. 2016ല്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തി. 2013ലെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ വാതുവെപ്പുകാരില്‍ നിന്ന് ഗിഫ്റ്റ് സ്വീകരിച്ചെന്ന് ചൂണ്ടിയാണ് വിലക്കിയത്. അതിന് ഒരു വര്‍ഷം മുന്‍പ് മുംബൈ സ്വദേശിയായ മോഡല്‍ റൗഫിന് എതിരെ ലൈംഗീക ആരോപണവും ഉയര്‍ത്തി. 

പാകിസ്ഥാനിലെ പ്രശസ്തമായ ലന്‍ഡാ ബസാറിലാണ് ആസാറ് റൗഫിന്റെ ഷോപ്പ്. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്നല്ല റൗഫ് വസ്ത്ര വില്‍പ്പനശാല ആരംഭിച്ചത്. എന്ത് ജോലി ചെയ്താലും അതിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തണം എന്നതാണ് തന്റെ ലക്ഷ്യം എന്ന് റൗഫ് പറയുന്നു. 

'എനിക്ക് അത്യാഗ്രഹമില്ല. ഒരുപാട്  പണം ഞാന്‍ കണ്ടു'

അമ്പയറായ സമയം ഇതിന്റെ ഏറ്റവും ഉന്നതിയില്‍ എത്തണം എന്നാണ് ഞാന്‍ സ്വയം പറഞ്ഞത്. എനിക്ക് അത്യാഗ്രഹമില്ല. ഒരുപാട്  പണം ഞാന്‍ കണ്ടു. ഈ ലോകം ഞാന്‍ കണ്ടു. എന്റെ ഒരു മകന്‍ സ്‌പെഷ്യല്‍ ചൈല്‍ഡ് ആണ്. രണ്ടാമത്തെയാള്‍ അമേരിക്കയില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ് എത്തി. 

ഇത് എനിക്ക് വേണ്ടിയല്ല. എന്റെ സ്റ്റാഫുകള്‍ക്ക് ഇതില്‍ നിന്ന് ദിവസ വേതനം ലഭിക്കുന്നു. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഒരുപാട് മത്സരങ്ങള്‍ ഞാന്‍ നിയന്ത്രിച്ചു. എന്നാല്‍ 2013 മുതല്‍ എനിക്ക് കളിയുമായി ഒരു ബന്ധവും ഇല്ല. കാരണം ഒരിക്കല്‍ ഞാന്‍ ഉപേക്ഷിച്ചാല്‍ അത് എന്നന്നേക്കുമായാണ് എന്നും റൗഫ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com