ഐപിഎല്‍ കളിക്കാനില്ല, കൗണ്ടിയിലും ഇറങ്ങില്ല; ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത് ജേസന്‍ റോയ്

ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സാണ് താരത്തെ ലേലത്തില്‍ സ്വന്തമാക്കിയത്. രണ്ട് കോടി രൂപയ്ക്കാണ് ഗുജറാത്ത് ഓപ്പണിങ് ബാറ്ററായ ഇംഗ്ലീഷ് താരത്തെ ടീമിലെത്തിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഐപിഎല്ലില്‍ കളിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ജേസന്‍ റോയ്. ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റോയ് വ്യക്തമാക്കിയത്. ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സാണ് താരത്തെ ലേലത്തില്‍ സ്വന്തമാക്കിയത്. രണ്ട് കോടി രൂപയ്ക്കാണ് ഗുജറാത്ത് ഓപ്പണിങ് ബാറ്ററായ ഇംഗ്ലീഷ് താരത്തെ ടീമിലെത്തിച്ചത്. 

പിന്നാലെ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കളിക്കാനില്ലെന്ന് വെളിപ്പെടുത്തിയാണ് താരം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ഇംഗ്ലീഷ് കൗണ്ടിയില്‍ സറെയുടെ താരമാണ് റോയ്. ഇടവേള മതിയാക്കി ക്രിക്കറ്റ് കളത്തിലേക്ക് എന്ന് തിരിച്ചെത്തുമെന്ന് റോയ് വെളിപ്പെടുത്തിയിട്ടില്ല. 

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് തീരുമാനമെന്ന് 31കാരനായ താരം വ്യക്തമാക്കി. കോവിഡ് തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിക്കുന്നതിനാല്‍ ബയോ ബബിളില്‍ നിന്ന് ബയോ ബബിളിലേക്കുള്ള സഞ്ചാരം കൂടിയായിരുന്നു. മാനസികമായ മാറ്റത്തിനും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ആഗ്രഹവുമാണ് ഇടവേളയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു. 

ജേസന്‍ റോയ് എടുത്ത തീരുമാനത്തെ സറെ പിന്തുണയ്ക്കുന്നതായി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് അലക്ക് സ്റ്റുവര്‍ട്ട് വ്യക്തമാക്കി. കുടുംബത്തിനൊപ്പം ചേരാന്‍ ഇടവേള എടുക്കാനുള്ള തീരുമാനത്തെ ക്ലബ് ഉള്‍ക്കൊള്ളുന്നു. തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ സഹായിക്കാനും ടീമിനൊപ്പം അടുത്ത വെല്ലുവിളികള്‍ ഏറ്റെടുക്കാനും അദ്ദേഹത്തിന് ക്ലബ് ഇനിയും അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഞാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചും ബയോ ബബിളുകളിലും കഴിയുകയാണ്. ഇപ്പോള്‍ ഒരു ഇടവേള അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു. ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ അനുഭാവ പൂര്‍വം പരിഗണിക്കാനും മനസിലാക്കാനും ശ്രമിച്ച സറേയിലെ എല്ലാ കോച്ചിങ് അംഗങ്ങളോടും നന്ദി പറയുന്നു. വിട്ടുനില്‍ക്കുമ്പോഴും ടീമിനെ ഞാന്‍ പിന്തുടരുന്നതായിരിക്കും. തിരിച്ചെത്തി ടീമിനായി മികച്ച പ്രകടനങ്ങള്‍ ഇനിയും പുറത്തെടുക്കും- റോയ്‌സ കുറിച്ചു. 

സീസണില്‍ കളിക്കില്ലെന്ന് റോയ് ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ ആഴ്ച അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 2021 സീസണില്‍ ഹൈദരാബാദില്‍ ലഭിച്ച അവസരം ജേസന്‍ റോയ് മുതലാക്കിയിരുന്നു. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഉജ്ജ്വല ഫോമിലായിരുന്നു റോയ്. 6 കളിയില്‍ നിന്ന് 303 റണ്‍സ് ആണ് താരം വാരിയത്. പിസിഎല്ലില്‍ 50.50 ആണ് ജേസന്‍ റോയിയുടെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 170.22. ക്വേട്ട ഗ്ലാഡിയേറ്റേഴ്സിന്റെ സീസണിലെ റണ്‍വേട്ടയില്‍ മുന്നിലുമുണ്ട് ജേസന്‍ റോയ്. താരത്തിന്റെ പിന്മാറ്റത്തോടെ ഗുജറാത്തിന് ഇനി പകരം താരത്തെ കണ്ടെത്തണം. 

ഈ അടുത്താണ് ജേസന്‍ റോയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഐപിഎല്ലിലേക്ക് എത്തിയാല്‍ രണ്ട് മാസത്തോളം ഇന്ത്യയില്‍ തുടരേണ്ടതായി വരും. കുടുംബാംഗങ്ങളില്‍ നിന്ന് ഇത്രയും നാള്‍ വിട്ടുനില്‍ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് റോയിയുടെ തീരുമാനം. പിന്നാലെയാണ് കൗണ്ടിയില്‍ നിന്ന് പിന്‍മാറി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കാനുള്ള തീരുമാനവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com