ഇന്ന് ജീവന്‍ മരണ പോരാട്ടം; കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈയും നേര്‍ക്കുനേര്‍

സെമി ഫൈനല്‍ സ്ഥാനം പിടിക്കണം എങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മുംബൈ സിറ്റിയെ വീഴ്ത്തണം
ഗോള്‍ നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം
ഗോള്‍ നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം

വാസ്‌കോ: കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജീവന്‍ മരണ പോരാട്ടം. സെമി ഫൈനല്‍ സ്ഥാനം പിടിക്കണം എങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മുംബൈ സിറ്റിയെ വീഴ്ത്തണം. 

കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവെച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ മുംബൈയുമായുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ 30 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 31 പോയിന്റോടെ മുംബൈ നാലാം സ്ഥാനത്തും. 

ജംഷഡ്പൂരും ഹൈദരാബാദും പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. 34 പോയിന്റുമായി എടികെ മോഹന്‍ ബഗാനാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തിന് വേണ്ടിയാണ് ബ്ലാസ്‌റ്റേഴ്‌സും മുംബൈയും തമ്മിലുള്ള പോര്. 

മുംബൈ സിറ്റിയുടെ താളം തെറ്റിച്ചത് ബ്ലാസ്‌റ്റേഴ്‌സ്‌

സീസണില്‍ ആദ്യം മുംബൈ സിറ്റിയെ നേരിട്ടപ്പോള്‍ 3-0ന് ബ്ലാസ്‌റ്റേഴ്‌സ് അവരെ തകര്‍ത്തിരുന്നു. ഇവിടെ ബ്ലാസ്‌റ്റേഴ്‌സിനോട് തോറ്റത് മുതലാണ് മുംബൈ സിറ്റിയുടെ താളം തെറ്റിയത്. പിന്നെ വന്ന ആറ് കളിയിലും ജയം പിടിക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. ഇതിന് പകരം വീട്ടുക കൂടി ലക്ഷ്യമിട്ടാവും മുംബൈയുടെ വരവ്. 

സീസണില്‍ ഉടനീളം ഫോമില്‍ കളിച്ച ലൂണ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പുചീട്ട്. സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയവരില്‍ അഹ്മദ് ജാഹുവിനും ഗ്രെഗ് സ്റ്റുവര്‍ട്ടിനുമൊപ്പം ലൂണ ഒന്നാം സ്ഥാനം പിടിക്കുന്നു. സീസണിന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ലൂണയുടെ ഫ്രീകിക്ക് കോളുകളാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. 

സീസണില്‍ ഇതുവരെ 20 ഗോളുകളാണ് മുംബൈ വഴങ്ങിയത്. കഴിഞ്ഞ സീസണില്‍ ഇവര്‍ വഴങ്ങിയത് 18 ഗോളുകളായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റ നിരയ്ക്ക് മുന്‍പില്‍ പ്രതിരോധ കോട്ട കെട്ടുക എന്നത് മുംബൈക്ക് വെല്ലുവിളിയാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com