പേസർമാർ അടക്കി വാണ ഓസ്ട്രേലിയൻ ടീമിലേക്കാണ് 1992ൽ ഷെയ്ൻ വോൺ കടന്നു വരുന്നത്. പരമ്പരാഗത ലെഗ് സ്പിന്നുമായി എത്തിയ വോണിന് തുടക്കത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ തൊട്ടടുത്ത വർഷം നടന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര താരത്തിന്റെ കരിയർ തന്നെ മാറ്റി. ലെഗ് സ്പിൻ എന്ന ബൗളിങ് കല മൺമറയുമെന്ന ആശങ്ക ക്രിക്കറ്റ് ലോകത്ത് നിന്ന കാലത്താണ് വോൺ തന്റെ മാന്ത്രിക പന്തുകളുമായി കളം നിറയുന്നത്.
ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 1969 സെപ്റ്റംബര്‍ 13 നാണ് ഷെയ്ന്‍ കെയ്ത്ത് വോണ്‍ എന്ന ഷെയ്ന്‍ വോണ്‍ ജനിച്ചത്. ചെറുപ്പം തൊട്ട് ക്രിക്കറ്റിനെ ഇഷ്ടപ്പെട്ട വോണ്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ കുപ്പായമണിയുന്നത് 1992 ജനുവരി രണ്ടിനാണ്. ഇന്ത്യക്കെതിരെ ആയിരുന്നു വോണിന്റെ അരങ്ങേറ്റം. പിന്നീട് 145 ടെസ്റ്റുകള്‍ രാജ്യത്തിനു വേണ്ടി കളിച്ചു. 2007ലാണ് വോണ്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.
273 ഇന്നിങ്സുകളിൽ നിന്നായി 708 വിക്കറ്റുകളാണ് വോൺ വീഴ്ത്തിയത്. 1994-ല്‍ ഇംഗ്ലണ്ടിനെതിരേ 71 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകൾ വീഴ്ത്തിയതാണ് ഒരിന്നിങ്സിലെ മികച്ച പ്രകടനം. അതേവർഷം ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടിന്നിങ്സിലുമായി 128 റണ്‍സ് വഴങ്ങി 12 വിക്കറ്റുകൾ വീഴ്ത്തിയതാണ് മത്സരത്തിലെ മികച്ച പ്രകടനം.
37 തവണയാണ് ടെസ്റ്റിൽ അദ്ദേഹം അഞ്ചോ അധിലധികമോ വിക്കറ്റുകൾ വീഴ്ത്തുന്നത്. പത്ത് വിക്കറ്റ് പ്രകടനം 10 തവണയും അദ്ദേഹം കളത്തിൽ പുറത്തെടുത്തു. 25.41 ബൗളിങ് ശരാശരി. ഇക്കണോമി- 2.65.
ഏകദിനത്തില്‍ 1993 മാര്‍ച്ച് 24 നാണ് വോണ്‍ അരങ്ങേറിയത്. ന്യൂസിലന്‍ഡിനെതിരെയായിരുന്നു ആ മത്സരം. ഏകദിനത്തിലും മികച്ച റെക്കോർഡുള്ള താരമാണ് വോണ്‍. 2005 ലാണ് താരം അവസാനമായി ഏകദിനത്തില്‍ കളിച്ചത്.
194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 1996ൽ വെസ്റ്റ് ഇൻഡീസിനെതിരെ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതാണ് മികച്ച പ്രകടനം. 25.73 ആണ് ഏകദിനത്തിൽ ബൗളിങ് ശരാശരി. ഇക്കണോമി- 4.25.
ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താരം, ഒരു ശതകം പോലുമില്ലാതെ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം തുടങ്ങിയ അദ്ദേഹത്തിന്റെ റെക്കോർഡുകൾക്ക് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ വോണ്‍ നിരവധി ടി20 മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. ആകെ 73 ടി20 മത്സരങ്ങൾ കളിച്ച വോണ്‍ 70 വിക്കറ്റുകള്‍ നേടി. 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്താണ് മികച്ച ബൗളിങ് പ്രകടനം. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന വോണ്‍ ആ വര്‍ഷം ടീമിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ശരാശരി മാത്രമായിരുന്ന ടീമിനെ നായക മികവിനാൽ പ്രഥമ കിരീടത്തിലേക്ക് നയിച്ചാണ് വോൺ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലും വോൺ സജീവമായിരുന്നു. 2013 ജനുവരി 16 ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചു. പിന്നീട് ക്രിക്കറ്റ് നിരീക്ഷകനായും കമന്റേറ്ററായും ആരാധകര്‍ക്കിടയില്‍ സജീവമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക