മൈക്ക് ​ഗാറ്റിങിന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയ 'നൂറ്റാണ്ടിലെ പന്ത്'- മാന്ത്രികനായ വോൺ (വീഡിയോ)

നൂറ്റാണ്ടിന്റെ പന്തടക്കം നിരവധി തവണ ബാറ്റർമാരേയും ക്രിക്കറ്റ് ലോകത്തെ ഒന്നാകെയും അമ്പരപ്പിച്ച അതുല്യ താരമായിരുന്നു വോൺ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്നി: മാന്ത്രികനായ സ്പിന്നർ എന്ന് ഒറ്റ വാക്കിൽ ഷെയ്ൻ വോണിനെ വിശേഷിപ്പിക്കാം. നൂറ്റാണ്ടിന്റെ പന്തടക്കം നിരവധി തവണ ബാറ്റർമാരേയും ക്രിക്കറ്റ് ലോകത്തെ ഒന്നാകെയും അമ്പരപ്പിച്ച അതുല്യ താരമായിരുന്നു വോൺ. ഇപ്പോഴിതാ അദ്ദേഹം എറിഞ്ഞു തീർത്ത പന്തുകൾ പോലെ മരണവും അത്തരത്തിൽ അപ്രതീക്ഷിതമായി. ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചാണ് അദ്ദേഹം മടങ്ങുന്നത്. 

പേസർമാർ അടക്കി വാണ പിച്ചിലേക്കാണ് 1992ൽ വോൺ എത്തുന്നത്. ലെ​ഗ് സ്പിന്നിന്റെ കാലം അവസാനിച്ചെന്ന് കരുതിയ ഘട്ടത്തിലാണ് വോണിന്റെ രം​ഗ പ്രവേശം. പിന്നീടുള്ളതെല്ലാം ചരിത്രമായിരുന്നു. ലെ​ഗ് സ്പിന്നിന്റെ മാന്ത്രികത കൊണ്ട് വോൺ പിന്നീട് ക്രിക്കറ്റ് പിച്ചുകളിൽ വിസ്മയം തീർത്തു. വെറുമൊരു സ്പിന്നർ മാത്രമായിരുന്ന വോണിനെ സ്പിൻ തമ്പുരാനായി ലോകം വാഴ്ത്തിയ വർഷമായിരുന്നു 1993. അന്നാണ് വോൺ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായി വളർന്നത്.

1993ലെ ഓസ്ട്രേലിയ - ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂൺ നാലിന് ക്രിക്കറ്റ്‌ പ്രേമികൾ സാക്ഷാൽ ഷെയ്ൻ വോണെന്ന മാന്ത്രികന്റെ വിരലുകളിൽ വിരിഞ്ഞ വിസ്മയം ആദ്യമായി കണ്ടു. ക്രിക്കറ്റ് ലോകം നൂറ്റാണ്ടിന്റെ പന്തെന്ന് വിശേഷിപ്പിച്ച വോണിന്റെ ആ മാജിക്ക് പിറന്നിട്ട് 27 വർഷം തികഞ്ഞു. വോണിന്റെ കൈവിരലുകളിൽ നിന്ന് പിറവിയെടുത്ത ഒരു പന്ത് സ്പിന്നിനെതിരേ മികച്ച റെക്കോർഡുള്ള ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുതപ്പോൾ ഗാറ്റിങ്ങിനൊപ്പം ക്രിക്കറ്റ് ലോകവും അദ്ഭുതം കൂറി. ആ ഒറ്റ പന്തിൽ ഒരു സാധാരണ ലെഗ് സ്പിന്നറായി ഒതുങ്ങിപ്പോകേണ്ട വോണിന്റെ കരിയർ തന്നെ മാറിമറിഞ്ഞു. 

ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ലാതിരുന്ന ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് കണ്ട് സാക്ഷാൽ മൈക്ക് ഗാറ്റിങ് പോലും ഒന്ന് അമ്പരന്നു. വിക്കറ്റ് നഷ്ടപ്പെട്ടത് വിശ്വസിക്കാനാകാതെ ഗാറ്റിങ് തിരിഞ്ഞ് നടക്കുമ്പോൾ ക്രിക്കറ്റ് ലോകം ആ പന്തിനെ നൂറ്റാണ്ടിന്റെ പന്തെന്ന് വിളിച്ചു. ആ പന്ത് ഷെയ്ൻ വോൺ എന്ന ഇതിഹാസ സ്പിന്നറെ കൂടി ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തുകയായിരുന്നു. അന്ന് ഗാറ്റിങ്ങിനെതിരേ പന്തെറിയാനെത്തുമ്പോൾ അതുവരെ 11 ടെസ്റ്റുകളിൽ നിന്നായി 31 വിക്കറ്റുകൾ മാത്രമായിരുന്നു വോണിന്റെ സമ്പാദ്യം. എന്നാൽ ആ ടെസ്റ്റിൽ ആകെ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ വോൺ 1993 ആഷസ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ നിന്നായി വീഴ്ത്തിയത് 35 വിക്കറ്റുകളായിരുന്നു.

വിസ്ഡൻ നൂറ്റാണ്ടിലെ താരമായി തിരഞ്ഞെടുത്തവരിൽ ഒരാൾ വോൺ ആയിരുന്നു. ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ കുത്തിത്തിരിഞ്ഞ അപ്രതീക്ഷിത പന്തുകൾ ആരാധകരുടെ മനസിൽ എക്കാലവും ഉണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com