സച്ചിന്റേയും രാഹുലിന്റേയും സെഞ്ചുറി പാഴായി; രഞ്ജി ട്രോഫിയില്‍ കേരളം പുറത്ത്‌

ഓള്‍ഔട്ട് ആവാതെ കേരളം പൊരുതി നിന്നെങ്കിലും റണ്‍ കണക്കില്‍ മുന്‍പിലുള്ള മധ്യപ്രദേശ് നോക്കൗട്ട് ഉറപ്പിച്ചു
കേരള ഓപ്പണര്‍ രാഹുല്‍ പി
കേരള ഓപ്പണര്‍ രാഹുല്‍ പി

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താനാവാതെ കേരളം പുറത്ത്. മധ്യപ്രദേശിന് എതിരായ കേരളത്തിന്റെ മത്സരം സമനിലയില്‍ അവസാനിച്ചു. 432-9 എന്ന നിലയിലാണ് നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഓള്‍ഔട്ട് ആവാതെ കേരളം പൊരുതി നിന്നെങ്കിലും റണ്‍ കണക്കില്‍ മുന്‍പിലുള്ള മധ്യപ്രദേശ് നോക്കൗട്ട് ഉറപ്പിച്ചു. 

മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 585 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിനായി ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. 75 റണ്‍സ് എടുത്താണ് രോഹന്‍ എസ് കുന്നുമ്മല്‍ മടങ്ങിയത്. രാഹുല്‍ പി 368 പന്തില്‍ നിന്ന് 136 റണ്‍സ് നേടി. പിന്നാലെ വന്ന വത്സല്‍ 65 പന്തില്‍ നിന്ന് 15 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 234 പന്തില്‍ നിന്ന് 114 റണ്‍സ് എടുത്തു. 

സച്ചിന്‍ ബേബി-രാഹുല്‍  കൂട്ടുകെട്ടാണ് കേരളത്തിന് പ്രതീക്ഷ നല്‍കിയത്

മൂന്നാം വിക്കറ്റിലെ സച്ചിന്‍ ബേബി-രാഹുല്‍ പി കൂട്ടുകെട്ടാണ് കേരളത്തിന് മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാനാവുമെന്ന പ്രതീക്ഷ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 187 റണ്‍സ് കണ്ടെത്തി. എന്നാല്‍ ഇവരുടെ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം കേരളത്തിന് തുടരെ വിക്കറ്റ് നഷ്ടമായി. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 369 എന്ന നിലയില്‍ നിന്ന് 376-6ലേക്ക് കേരളം വീണു.അവസാന സെഷനിലെ തകര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. സല്‍മാന്‍ നിസാര്‍ 1 റണ്ണിനും വിഷ്ണു വിനോദ് എട്ട് റണ്‍സിനും പുറത്തായി. 42 പന്തില്‍ നിന്ന് 20 റണ്‍സുമായി ജലജ് സക്‌സേന മടങ്ങി. സിജിമോന്‍ ജോസഫ് 12 റണ്‍സിനും ബേസില്‍ തമ്പി ആറ് പന്തില്‍ ഡക്കായും മടങ്ങി. 

ഗുജറാത്തിനും മേഘാലയ്ക്കും എതിരെ ജയം നേടി മധ്യപ്രദേശും കേരളവും 13 പോയിന്റില്‍ എത്തിയതോടെയാണ് അവസാന മത്സരത്തിലെ ജയം ക്വാര്‍ട്ടര്‍ പ്രവേശനത്തിന് നിര്‍ണായകമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com